
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മേഘ സിദ്ധാന്തം തിരഞ്ഞ് ലോക രാജ്യങ്ങള്‍ രംഗത്ത്. മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാനിന്റെ റഡാറില്‍ നിന്നും രക്ഷ നേടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയാണ് ലോകം തിരഞ്ഞത്. കഴിഞ്ഞ ദിവസം ന്യൂസ് നേഷന്‍ എന്ന ചാനലിനു നല്കിയ അഭിമുഖത്തില്‍ താനാണ് ബലാകോട്ട് ആക്രമണത്തിനു മഴയും മേഘങ്ങളും തടസ്സമായപ്പോള്‍ വ്യോമസേനയോട് ഈ ആശയം മുന്നോട്ട് വെച്ചതെന്ന് മോഡി പറഞ്ഞിരുന്നു. ഇതോടെയാണ് മോഡിയുടെ ' മേഘ സിദ്ധാന്തം 'തേടി ലോക ശക്തികള്‍ രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന മേയ് 11 രാത്രി 9 30 മുതല്‍ ക്ലൗഡ് റഡാര്‍, മോഡി റഡാര്‍, മോഡി ക്ലൗഡ് എന്നീ വിഷയങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ട്രെന്‍ഡിങ്ങില്‍ ഉണ്ട്. ഇക്കാര്യം തിരയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരല്ല എന്നതും ശ്രദ്ധേയമാണ്. പോര്‍വിമാനം നിര്‍മ്മിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഫ്രാന്‍സ്, റഷ്യ,അമേരിക്ക എന്നീ രാജ്യങ്ങളാണ് മോഡിയുടെ ക്ലൗഡ് തിയറിയില്‍ കാര്യമായി തിരച്ചില്‍ നടത്തിയിരിക്കുന്നത്.
അതേസമയം പോളണ്ട്, ഓസ്ട്രേലിയ,യുകെ, ജര്‍മനി സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ഇന്ത്യ എട്ടാമതാണ്.ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മ്മിച്ചു നല്കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോഡിയുടെ പുതിയ തിയറി ഏറ്റവും കൂടുതല്‍ തിരഞ്ഞത്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ബലാഘോട്ട് തിരിച്ചടി മാറ്റിവെയ്ക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ മേഘങ്ങളും മഴയും റഡാറുകളില്‍ നിന്നും യുദ്ധ വിമാനങ്ങളെ മറച്ചുപിടിക്കാന്‍ അനുകൂലമാകുമെന്നും മോഡി അഭിപ്രായപ്പെട്ടു തുടര്‍ന്നാണ് അക്രമണം നടത്തിയത്. പ്രധാനമന്ത്രിയുടെ മേഘ സിദ്ധാന്തം വ്യാപക പരിഹാസത്തിന് ഇടയാക്കിയതിനു പിന്നാലെ ഇത് സംബന്ധിച്ച ട്വീറ്റ് ബി.ജെ.പി പിന്‍വലിച്ചിരുന്നു.
റഡാറുകളുടെ നിരീക്ഷണത്തില്‍ കാലാവസ്ഥയ്ക്ക് ഒരു സ്വാധീനവും ഇല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. റേഡിയോ ഡിറ്റെക്ന് ആന്റ് റേഞ്ചിങ് എന്നതിന്റെ ചുരുക്കമാണ് റഡാര്‍. റഡാര്‍ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവില്‍ തട്ടിതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത്. അതിനാല്‍ തന്നെ റഡാര്‍ നിരീക്ഷണത്തെ കാലവസ്ഥ സ്വധീനിക്കില്ലെന്ന് വ്യക്തം.






