അമരാവതി: ബംഗാളിലെ രാഷ്ട്രീയപ്പോരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. ബി.ജെ.പിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഒരു ദിവസം വെട്ടിച്ചുരുക്കിയ നടപടി ശരിയായില്ലെന്ന് ചന്ദ്രബാബു നായിഡു വിമര്‍ശിച്ചു. അതേസമയം തൃണമുലിന്റെ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു നടപടികളും എടുക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ പരാതിയില്‍ കമ്മീഷന് യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ ബി.ജെ.പിയുടെ തെറ്റായ പരാതിയില്‍ ഒട്ടും വൈകാതെയാണ് നടപടി സ്വീകരിച്ചതെന്നും നായിഡു കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ന്യായമായ പരാതികളില്‍ പോലും നടപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ സന്ദര്‍ശനത്തെതുടര്‍ന്ന് ബംഗാളില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം ഒരു ദിവസം നേരത്തെ അവസാനിപ്പിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചത്. കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ തൃണമുല്‍ കോണ്‍ഗ്രസിന് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്ത് വന്നിട്ടുണ്ട്.






