ഛണ്ഡീഗഡ്: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ കടുത്ത ഭിന്നത. തന്നെ പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് അമരീന്ദര്‍ സിങ്. നേരത്തെ സിദ്ദു തനിക്കെതിരായ ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദറിന്റെ പ്രസ്താവന.
സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവര്ക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാകാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ സിദ്ദുവിന് തനെന് മാറ്റി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ബാധിക്കുക പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും ആയിരിക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരെ നടപടി സ്വീകരിക്കേണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കരാഹിത്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. അല്ലാത്തപക്ഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയുണ്ടാക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
സിദ്ദുവിന്റെ ഭാര്യയ്ക്ക് അമൃത്സറില് സീറ്റ് നിഷേധിച്ചതിനെതിരെയാണ് അദ്ദേഹം പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്. ഇതോടെയാണ് സിദ്ദുവും അമരീന്ദര്‍ സിങ്ങും തമ്മിലുള്ള ഭിന്നത പരസ്യമായത്.






