
തൃശ്ശൂര്‍: വരന്തരപ്പിള്ളി നന്തിപുലത്തെത്തിയ കനകദുര്‍ഗയ്ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പഞ്ചായത്തംഗം ഉള്‍പ്പെടെ ഒന്‍പത് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷത്തില്‍ വരന്തരപ്പള്ളി എസ്.എച്ച്.ഒ എസ് ജയകൃഷ്ണനും ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം സജീവന് അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും പരിക്കേറ്റു. ഞയറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ്ഗ. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പൊലീസുകാരുടെ കൂടെ സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ കൂടുതല്‍ സുരക്ഷയില്‍ പോലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതിനിടെ കനകദുര്‍ഗ സ്ഥലത്തെത്തിയറിഞ്ഞ് പ്രവര്‍ത്തകര്‍ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല.
ഇവിടെനിന്നും കനകദുര്‍ഗയെ പറഞ്ഞയക്കണമെന്ന ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയ ശേഷം പോലീസ് ജീപ്പിലാണ് കനകദുര്‍ഗയെ നന്തിപുലത്തുനിന്നു മാറ്റിയത്.






