
കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ഓട്ടോ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
'ഓപ്പറേഷൻ തൂഫാൻ'യുടെ ഭാഗമായി എസ്.കെ. ടെമ്പിൾ റോഡിൽ മഫ്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ടി.കെ. രഞ്ജിത്തിനും സിപിഒ അനൂപ് ലാലിനുമാണ് ആക്രമണം നേരിട്ടത്.
വഖഫ് ബോർഡ് ബിൽഡിങ്ങിന് സമീപം റോഡരികിൽ മൂന്ന് പേർ മദ്യപിക്കുന്നതായി കണ്ടെത്തിയ പൊലീസ്, കക്കോടി സ്വദേശി മുഹമ്മദ് ഹാഷിം (38) ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ രേഖപ്പെടുത്തി മുന്നറിയിപ്പ് നൽകി വിട്ടയച്ചിരുന്നു.
പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന രഞ്ജിത്തിനും അനൂപിനും നേരെ എതിർവശത്ത് നിന്ന് ഹാഷിം ഓട്ടോ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് ഓട്ടോയിൽ നിന്ന് ഇറങ്ങിയ ഹാഷിമും സംഘവും ചേർന്ന് ഇരുവരെയും തടഞ്ഞുവെച്ച് മർദിച്ചെന്നും പരാതിയിൽ പറയുന്നു.
സീനിയർ സിപിഒ ടി.കെ. രഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് മുഹമ്മദ് ഹാഷിമിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.






