
തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ കര്‍ശന സുരക്ഷയ്ക്ക് കേന്ദ്രസേന. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പോലീസിന് പ്രവേശനമുണ്ടാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ വ്യക്തമാക്കി. എന്നാല്‍ കൗണ്ടിങ്ങ് സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കുമെന്നും മീണ പറഞ്ഞു. അതിനും പുറത്തുള്ള സുരക്ഷക്കാണ് കേരള പോലീസിനെ നിയോഗിച്ചിരിക്കുന്നത്.
അതേസമയം വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. സ്ട്രോങ് റൂമില്‍ നിന്ന് ഒരു ഇവിഎം മെഷീന് മാത്രമേ ഒരു സമയം കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടുവരു. നറുക്കെടുപ്പിലൂടെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് കര്‍ശനമായി എണ്ണും. കൗണ്ടിങ് സ്റ്റേഷനില്‍ ജനറല്‍ ഒബ്സര്‍വര്‍മാര്‍ക്കു മാത്രമാണ് മൊബൈല്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ രാത്രി എട്ട് മണിയോട് കൂടി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.






