
തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ ജനപ്രിയ മദ്യബ്രാന്‍ഡായ 'ജവാന്‍' റം' നിര്‍മാണത്തിനായി എത്തിച്ച ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് വഴിമധ്യേ മറിച്ചുവിറ്റതും ഡിസ്റ്റിലറിയില്‍നിന്നു ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് കാണാതായതും ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകള്‍ വെളിപ്പെടുത്തി സി.എ.ജി. റിപ്പോര്‍ട്ട്.
തിരുവല്ലയിലെ സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ (ടി.എസ്.സി.എല്‍) നടന്ന സ്പിരിറ്റ് കൊള്ളയിലൂടെ സര്‍ക്കാരിന് 50 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവല്ലയിലെ കമ്പനിയിലേക്ക് 2021 ജൂണ്‍ 30-ന് രണ്ട് ടാങ്കര്‍ ലോറിയില്‍ എത്തിച്ച 20,836 ലിറ്റര്‍ സ്പിരിറ്റ് വഴിമധ്യേ അപ്രത്യക്ഷമായെന്ന് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
രേഖകള്‍പ്രകാരം 80,000 ലിറ്റര്‍ സ്പിരിറ്റാണ് കൊണ്ടുവരേണ്ടിയിരുന്നത്. മധ്യപ്രദേശില്‍ സ്പിരിറ്റ് മറിച്ചുവിറ്റതായി ഡ്രൈവര്‍മാര്‍ സമ്മതിച്ചെന്നും കമ്പനിയിലെ ഉന്നതോദ്യോഗസ്ഥരുടെ പങ്കാളിത്തം വെളിപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം എക്‌സൈസ് വകുപ്പ് ലിറ്ററിന് വെറും 20 രൂപ നിരക്കില്‍ 6.76 ലക്ഷം രൂപ പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കി.
2021 സെപ്റ്റംബറില്‍ നടത്തിയ സ്‌റ്റോക്ക് പരിശോധനയില്‍ ഡിസ്റ്റിലറിയില്‍ 4.60 ലക്ഷം ലിറ്റര്‍ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തി. തുടര്‍ന്ന് 1.54 കോടി രൂപ പിഴയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും 'സ്‌റ്റോറേജ് വേസ്‌റ്റേജ്'' ഇളവ് അനുവദിച്ച് പിഴത്തുക 48.70 ലക്ഷം രൂപയായി കുറച്ചു.
സ്പിരിറ്റ് മോഷണത്തിലൂടെ മാത്രം സര്‍ക്കാരിന് 2.20 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നും സ്‌റ്റോക്ക് പരിശോധനയില്‍ കണ്ടെത്തിയ കുറവിലൂടെ 51.88 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനോ ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയാറായില്ലെന്ന ഗുരുതരവിമര്‍ശനവും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്.






