തിരുവനന്തപുരം: ലോക്സഭയില്‍ ഇടതുപാര്‍ട്ടികളുടെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. സി.പി.എം മൂന്ന് സീറ്റിലേക്കും സി.പി.ഐ രണ്ട് സീറ്റിലേക്കും ചുരുങ്ങി. സി.പി.എം കേളത്തില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയപ്പോള്‍ മറ്റ് രണ്ട് സീറ്റുകള്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ലഭിച്ചത്. കേരളത്തില്‍ ആലപ്പുഴ, തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, മധുര എന്നീ മണ്ഡലങ്ങളാണ് സി.പി.എം വിജയിച്ചത്. തമിഴ്നാട്ടിലെ നാഗപട്ടണം, തിരുപ്പൂര്‍ മണ്ഡലങ്ങളില്‍ സി.പി.ഐയും വിജയിച്ചു. ഡി.എം.കെ സഖ്യമാണ് തമിഴ്നാട്ടില്‍ ഇടതു പാര്‍ട്ടികളെ പിന്തുണച്ചത്.
ഇപ്പോള്‍ കാലാവധി കഴിയുന്ന ലോക്സഭയില്‍ സി.പി.എമ്മിന് ഒന്‍പത് സീറ്റും സി.പി.ഐയ്ക്ക് ഒരാളുമാണ് ഉണ്ടായിരുന്നു. അത് നേര്‍പകുതിയായി കുറഞ്ഞു. ഇത് ആദ്യമായാണ് ലോക്സഭയില്‍ ഇടതുപാര്‍ട്ടികളുടെ അംഗബലം ഒറ്റസംഖ്യയിലേക്ക് ഒതുങ്ങുന്നത്. ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും ഇടത് പക്ഷത്തിന് എം.പിമാരില്ല. ഇത് ആദ്യമായാണ് ബംഗാളില്‍ നിന്ന് ഇടതുപാര്‍ട്ടികള്‍ക്ക് എം.പിമാരില്ലാതെ വരുന്നത്.






