
തെലങ്കാന: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി അടുത്ത ആഴ്ച ചുമതലയേല്‍ക്കാനിരിക്കുകയാണ് വൈ.എസ്.ആര് കോണ്‍ഗ്രസ്സ് പാര്‍ട്ടി അധ്യക്ഷന്‍ വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി. ആന്ധ്രാപ്രദേശില്‍ ടി.ഡി.പി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടി ദൈവം നല്കിയ ശിക്ഷയാണെന്നാണ് ജഗന് മോഹന്‍ റെഡ്ഡി പറയുന്നത്.
'അസാന്മാര്ഗിക രീതിയിലൂടെ അധികാരം പിടിച്ചെടുക്കുകയും അനീതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്ക് ദൈവം നല്കിയ ശിക്ഷയാണ് ആന്ധ്ര തെരഞ്ഞെടുപ്പ് ഫലം'എന്നായിരുന്നു ജഗന് മോഹന്‍ റെഡ്ഡിയുടെ വാക്കുകള്‍.
'2014 ലെ തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്.സി.പിയുടെ 23 എം.എല്‍.എമാരാരെ നായിഡു വിലക്കെടുത്തു. ഇന്ന് ടി.ഡി.പി 23 സീറ്റ് മാത്രം നേടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മെയ് 23. 23 എന്ന സംഖ്യ വെച്ച് ദൈവം മനോഹരമായ ഒരു തിരക്കഥ രചിച്ചിരിക്കുന്നു. ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞു. വൈ.എസ്.ആര്.സി.പിയുടെ മൂന്ന് എം.പിമാരെ നിയമവിരുദ്ധമായി കടത്തിയ നായിഡുവിന് ഇത്തവണ മൂന്ന് ലോക്സഭാ സീറ്റ് മാത്രമാണ് ലഭിച്ചതെന്നും അതും ദൈവത്തിന്റെ കണക്കുകൂട്ടലാണെന്നും റെഡ്ഡി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 ല്‍ 22 സീറ്റുകളും വൈ.എസ്.ആര്.സി.പി നേടിയപ്പോള്‍ ടി.ഡി.പിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റുകള്‍ മാത്രമാണ്. 175ല്‍ 151 സീറ്റുകള്‍ നേടിയാണ് ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്.സി.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്തത്, ടി.ഡി.പിക്ക് ആകെ ലഭിച്ചത് 23 സീറ്റുകളാണ്.






