
ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കുറിച്ച് ഹോണ്ട അമേസ്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷ കാര്‍ കാഴ്ച്ചവെച്ചു. ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത് ആഫ്രിക്കന്‍ വിപണിയില്‍ ഹോണ്ട വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത അമേസ് സെഡാനാണ്.
17 -ല്‍ 14.08 പോയിന്റുകള്‍ ആണ് മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ കാര്‍ നേടിയത്. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍ അമേസ് തിളങ്ങിയില്ല. 17 -ല്‍ 8.16 പോയിന്റുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ കാര്‍ കുറിച്ചത്. അതായത് കുട്ടികള്‍ക്ക് ഒരു സ്റ്റാര്‍ സുരക്ഷയേ അമേസ് ഉറപ്പുവരുത്തുകയുള്ളൂ. അമേസിന്റെ ബോഡി ഘടനയും അടിത്തറയും ഈടുറ്റതാണെന്ന് ഗ്ലോബല്‍ NCAP അധികൃതര്‍ വിലയിരുത്തി.
മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടന്നത്. ഹോണ്ടയുടെ അംഗീകാരമുള്ള ചൈല്‍ഡ് സീറ്റിന് ഇടി പരീക്ഷ തരണം ചെയ്യാനായില്ല. റിപ്പോർട്ട് പ്രകാരം ഒന്നര, മൂന്നു വയസ്സു പ്രായമുള്ള കുട്ടികളുടെ ഡമ്മികള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അപകടത്തില്‍ കുട്ടികളുടെ തലയ്ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം വ്യക്തമാക്കി. നിലവില്‍ ടാറ്റ നെക്സോണ്‍ മാത്രമാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിച്ചുള്ള ഇന്ത്യന്‍ കാര്‍.






