
ഉത്തര്‍പ്രദേശിലെ ഹമീര്‍പ്പൂര്‍ ജില്ലയിലെ മൗദഹ ഗ്രാമത്തിലാണ് മൂന്നു പെണ്മക്കള്ക്കും രണ്ടാണ്മക്കള്ക്കും ഭര്‍ത്താവിനും ഒപ്പം സുമിത്രയെന്ന വീട്ടമ്മ ജീവിച്ചിരുന്നത്. 12 വര്‍ഷം മുന്‍പ് സുമിത്രയുടെ ഭര്‍ത്താവ് ക്ഷയരോഗം വന്ന് മരിച്ചതോടെയാണ് സുമിത്രയ്ക്കും മക്കള്‍ക്കും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. മതിയായ ചികിത്സ കിട്ടാതെയാണ് സുമിത്രയുടെ ഭര്‍ത്താവ് മരിച്ചത്. നല്ല ചികിത്സ കൊടുക്കാനായി സുമിത്രയ്ക്ക് സാധിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ മൃതദേഹവും അഞ്ചുമക്കളോടുമൊപ്പം അദ്ദേഹത്തിന്റെ ചിതയില്‍ ചാടി മരിക്കാം എന്നായിരുന്നു സുമിത്രയുടെ തീരുമാനം.
എന്നാല്‍ മൂത്തമകള്‍ അനിതയുടെ വാക്കുകള്‍ സുമിത്രയുടെ മനസിനെ മാറ്റി. ''അമ്മേ, ഞാന്‍ പഠിച്ചു വലുതായി ഒരു ഡോക്ടറാകും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കും. ഉറപ്പ്''. ആ വാക്കുകള്‍ സുമിത്രയ്ക്ക് ജീവിക്കാനുള്ള പ്രചോദനമായി. മക്കളെ എന്ത് ജോലി ചെയ്തും പഠിപ്പിക്കാന്‍ അനിത തീരുമാനിച്ചു. സമീപത്തെ ഹോട്ടലില്‍ പാത്രം കഴുകാനും, വെള്ളം കോരാനും, അടുത്ത വീടുകളില്‍ വീട്ടു വേല ചെയ്യാനും അനിത തുടങ്ങി. മക്കളെല്ലാം പഠനത്തില്‍ മുന്നിലായിരുന്നു. അനിത അടുത്ത വീടുകളില്‍ നിന്നു ശേഖരിക്കുന്ന പുളി സ്കൂളില്‍ കൊണ്ടു പോയി, ഇടവേള സമയത്ത് വില്‍ക്കുകയും കിട്ടുന്ന പണം അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അനിത പ്ലസ് 2 കഴിഞ്ഞ്, മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി 682ാം റാങ്ക് നേടി. യു.പിയിലെ സെഫായി മെഡിക്കല്‍കോളേജില്‍ അഡ്മിഷന് ലഭിച്ചു.
അനിതയുടെയും മറ്റ് മക്കളുടെയും പഠനത്തിനായി പണം തികയാതെ വന്നതോടെ സുമിത്ര വീടിനടുത്തുള്ള റോഡുവക്കില്‍, ഒരു താല്‍ക്കാലിക പ്ലാസ്റ്റിക് മേല്‍ക്കൂര കെട്ടി പച്ചക്കറി വ്യാപാരം തുടങ്ങി. സ്കൂള്‍ വിട്ടുവന്നാല്‍ മക്കളും അമ്മയോടൊപ്പം കൂടി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പലതവണ കട എടുത്തുമാറ്റാന്‍ വന്നെങ്കിലും മക്കളെ വളര്‍ത്താന്‍ മറ്റു മാര്‍ഗ്ഗമില്ലെന്ന സുമിത്രയുടെ യാചന കേട്ട് അവര്‍ ഇത് അനുവദിച്ചു. കച്ചവടത്തില്‍ ഒരു ദിവസം 300 മുതല്‍ 500 രൂപ വരെ ലാഭം കിട്ടാന്‍ തുടങ്ങി. പ്ലസ് 2 പാസ്സായ രണ്ടാമത്തെ മകള്‍ സുനിതയും അനിതയുടെ അതേ മെഡിക്കല്‍കോളേജില്‍ അഡ്മിഷന് നേടി.
അമ്മയെ സഹായിക്കാന്‍, മൂന്നാമത്തെ മകന് അരുണ്‍ പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്നുണ്ട്. മക്കളെയെല്ലാം നല്ലനിലയിലെത്തിച്ചിട്ട്, സംതൃപ്തിയോടെ ഭര്‍ത്താവിന്റെയടുത്തേക്ക് പോകണമെന്നതാണ് സുമിത്ര പറയുന്നത്. അമ്മയ്ക്ക് നല്കിയ വാക്ക് പാലിക്കണമെന്ന ആഗ്രഹമാണ് അനിതയ്ക്ക് ''ഗ്രാമീണ മേഖലകളിലേക്കു പോകണം. അവിടെയുള്ള സാധുക്കളെ സൗജന്യമായി ചികിത്സിക്കണം. ചികിത്സ കിട്ടാതെ മരിച്ച തന്റെ അച്ഛന്റെ അവസ്ഥ ആര്‍ക്കുമുണ്ടാകരുത്'' അനിത പറയുന്നു.






