
സംസ്ഥാനത്ത് നിപ ജാഗ്ര തുടരുന്നതിനിടെ പ്രകൃതി ചികിത്സയുടെ പേരില്‍ ജനങ്ങളിലേയ്ക്ക് മിഥ്യാ ധാരണകള്‍ എത്തിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന് വൈദ്യര്‍ക്കും എതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിലൂടെ ചിലയാളുകള്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന് വൈദ്യര് എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല് കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. അമ്മാതിരി പ്രചരണം ഇനി ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പനി എന്നത് ഒരു അനുഗ്രഹമാണെന്നും പനിക്ക് മരുന്ന് കഴിക്കരുതെന്നും നിപ എന്നത് മരുന്ന് ലോബിയുടെ തട്ടിപ്പാണെന്നും പറഞ്ഞ് ജേക്കബ് വടക്കഞ്ചേരി ഇത്തവണയും രംഗത്തെത്തിയിട്ടുണ്ട്. പനിക്ക് മരുന്ന് കഴിക്കാതെ ആരും മരണപ്പെട്ടിട്ടില്ലെന്നും പനിക്ക് മരുന്നു കഴിച്ചവരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളതെന്നും വടക്കഞ്ചേരി തന്റെ വീഡിയോയില്‍ ഊന്നിപ്പറയുന്നുണ്ട്.
പനിയ്ക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. പനിയുള്ളവര്‍ ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിക്കുകയും ഒപ്പം തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി എനിമ എടുത്താല്‍ മാത്രം മതിയെന്നും വടക്കഞ്ചേരി വീഡിയോയില്‍ അവകാശപ്പെടുന്നു.
മുന്‍പ് എലിപ്പനിയുമായി വ്യാജ പ്രചരണം നടത്തിയതിന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.






