
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ അഴിമതി ഇല്ലെന്ന് കാണിച്ചുള്ള കെസിബിസിയുടെ സര്‍ക്കുലറിനെതിരെ തുറന്നടിച്ച് എഎംടി. വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് കെസിബിസിയുടെ സര്‍ക്കുലര്‍ എന്ന് എഎംടി തുറന്നടിച്ചു. വത്തിക്കാന്‍ ബോധ്യമുള്ള വിഷയത്തില്‍ മറിച്ച് അഭിപ്രായം പറഞ്ഞത് മാര്‍പ്പാപ്പയെ പോലും ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും എഎംടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നേരത്തെ ആരോപണങ്ങളും സംശയങ്ങളും സഭയക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സി.ബി.സി സര്‍ക്കുലര്‍ പുറത്തിറക്കിയത്.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും സീറോ മലബാര്‍ സഭാ സിനഡിനും പൂര്‍ണ്ണ പിന്തുണ നല്കുന്ന കെ.സി.ബി.സി സര്‍ക്കുലര്‍ പള്ളികളില്‍ ഞായറാഴ്ച വായിക്കും. കെ.സി.ബി.സിയുടെ അന്വേഷണത്തില്‍ ഭൂമിയിടപാടില്‍ അഴിമതി ഉണ്ടായതായി ബോധ്യപ്പെട്ടിട്ടില്ല. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധരണ ഉണ്ടാക്കുന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടന്നതെന്നും കത്തോലിക്ക സഭയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ് ഇതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
എഎംടിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:
കെസിബിസിയുടെ സര്‍ക്കുലര്‍ എറണാകുളം അതിരൂപത ഭൂമികുംഭകോണത്തെ കുറിച്ച് പറഞ്ഞത്... ഇപ്പോള്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന മാര്‍പ്പാപ്പയെ ധിക്കരിക്കുക വഴി കാനോന്‍ നിയമത്തിനും... കോടതി എകഞ ഇട്ടു കേസ് അന്വേഷണം ഉത്തരവിട്ടിരിക്കുന്ന അവസ്ഥയില്‍ സിവില്‍ നിയമത്തിനും വിരുദ്ധമാണ്..
വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ഈ സര്‍ക്കുലര്‍ എന്ന് എഎംടി വിലയിരുത്തുന്നു.. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കെസിബിസി പോലുള്ള ഫോറങ്ങള്‍ക്ക് ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നിരിക്കെ സഭക്കുള്ളില്‍ പരിഹാരം ഉണ്ടാക്കി എന്ന പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവും പരിഹാസ്യവുമാണ്. ഈ വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. കമ്മീഷന് റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ വിലയിരുത്തി വരുകയാണ്. അതിനാല്‍ തന്നെ സഭാപരമായി കെസിബിസിക്ക് ക്ക് ഒന്നും തന്നെ ചെയ്യാനില്ല എന്നതാണ് വസ്തുത. മാത്രമല്ല ഈ ഭൂമി ഇടപാടില്‍ ക്രമക്കേടുകള്‍ സംഭവിച്ചു എന്ന് ബോധ്യമുള്ളതിനാലാണ് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാവുകയും രൂപതയുടെ ഭരണകാര്യങ്ങളിലോ ദൈനംദിന ഇടപാടുകളിലോ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടപെടരുത് എന്ന് വത്തിക്കാന്‍ കലപിക്കുകയും ചെയ്തത്. വത്തിക്കാനു പോലും ബോധ്യമുള്ള വിഷയത്തില്‍ മറിച്ച് ഒരഭിപ്രായം പറഞ്ഞപ്പോള്‍ കെസിബിസി മാര്‍പാപ്പയെപ്പോലും ചോദ്യം ചെയ്യുകയാണ് ചെയ്തത്. ഇതു തികച്ചും അപഹാസ്യമാണ്.
കോടതികള്‍ക്ക് ഈ വിഷയത്തില്‍ ക്രമക്കേട് നടന്നു എന്ന് ബോധ്യം വന്നതിനാലാണ് മജിസ്ട്രേറ്റു തല അന്വേഷണം പ്രഖ്യാപിച്ചത്. കൂടാതെ പൊലീസിനോട് കോടതി എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതും പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ്.. എന്നാല്‍ നാട്ടിലെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന തരത്തിലാണ് കെസിബിസി യുടെ പ്രസ്താവന..
സ്ഥല വില്പനയില് ക്രമക്കേട് നടന്നു എന്നതുകൊണ്ട് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കര്‍ദ്ദിനാളിനെ ചോദ്യം ചെയ്തത് 6 മണിക്കൂറാണ്. അതിന് ശേഷം അതിരൂപതയോട് മൂന്ന് കോടിയോളം രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപ അടക്കുകയും ചെയ്തു. എന്നിട്ടും ഒന്നും നടന്നില്ല എന്ന കെസിബിസിയുടെ കണ്ടെത്തല്‍ അത്ഭുതം തന്നെ. അധികാരമുപയോഗിച്ച് എല്ലാം മൂടി വെക്കാമെന്ന ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍.
വിവാദ രേഖകളെക്കുറിച്ച് ബാഹ്യസമ്മര്‍ദ്ദമില്ലാതെ അന്വേഷണം നടത്തണം എന്നത് ്എഎംടി നേരത്തെ ഉന്നയിച്ച ആവശ്യമാണ്. കെസിബിസി ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് ഭൂമി ഇടപാട് സംബന്ധിച്ച പൊലീസ് അന്വേഷണങ്ങളെ സ്വാഗതം ചെയ്യാത്തത്? അതില്‍ മാതൃകാപരമായ ശിക്ഷ വേണമെന്ന് ആവശ്യപ്പെടാത്തത് എന്താണ്? ഇത് കെസിബിസി യുടെ ഇരട്ടത്താപ്പാണ് തുറന്നു കാണിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കാന്‍ കെസിബിസിക്ക് അധികാരമില്ല. ആരും മിണ്ടരുത് എന്ന താക്കീത് തന്നെ സ്വന്തം നിലപാടിലുള്ള വിശ്വാസമില്ലായ്മ തുറന്നു കാണിക്കുന്നു.
നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ച്, വത്തിക്കാനെയും മാര്പാപ്പയെയും അവഗണിച്ച് കൊണ്ട് ഇറക്കിയ പ്രസ്താവന എഎംടി തള്ളിക്കളയുന്നു. ഈ പ്രസ്താവന കൊണ്ട് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാമെന്ന് കരുതുന്നത് തികച്ചും മൗഢ്യമാണെന്ന് എഎംടി വിലയിരുത്തുന്നു...






