
ന്യൂഡൽഹി: കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി നേരിട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ, മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളെക്കാള്‍ മികച്ച പ്രകടനം നടത്തിയത് നോട്ട. മൊത്തം 1.06 ശതമാനം വോട്ടു നേടി നോട്ട ഇൗ പാര്‍ട്ടികളേക്കാള്‍ മുന്നില്‍ എത്തിയപ്പോള്‍ ദേശീയ രാഷ്ട്രീയ പദവി തുലാസില്‍ നില്ക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരു ശതമാനം പോലും വോട്ട് കണ്ടെത്താനായില്ല.
സിപിഎം അടക്കം 15 രാഷ്ട്രീയപാർട്ടികൾക്കാണ് നോട്ടയേക്കാൾ കുറവ് ലഭിച്ചത്. ഇന്ത്യയിലാകെമാനം മൂന്നുസീറ്റ് നേടിയ സിപിഎമ്മിന് 0.01 ശതമാനം വോട്ടുകളാണ് നേടാനായത്. രണ്ടു സീറ്റില്‍ ജയം നേടിയ സിപിഐ യ്ക്കും നോട്ടയെ തോല്‍പ്പിക്കാനായില്ല. കോണ്‍ഗ്രസിന്റെ പങ്കാളിയായ മുസ്ലീം ലീഗിനും ഒരു ശതമാനം വോട്ടു നേടാനായില്ല. മുസ്ലീം ലീഗിന് നേടാനായത് 0.26 ശതമാനം വോട്ടുകൾ ആയിരുന്നു.
ഒരു സീറ്റ് വീതം ലഭിച്ച ഏഴു പാര്‍ട്ടികളിലാണ് കേരളാകോണ്‍ഗ്രസ് (എം) ഉള്ളത്. കോട്ടയത്ത് വന്‍ വിജയം നേടിയെങ്കിലൂം അവര്‍ക്ക് നേടാനായത് രാജ്യത്താകെ പോൾ ചെയ്ത വോട്ടിൽ 0.07 ശതമാനം വോട്ടാണ്. 36 രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെ പോൾ ചെയ്ത വോട്ടുകളിൽ 1.06 ശതമാനം വോട്ടുകളാണ് നിഷേധ വോട്ടായ നോട്ട നേടിയത്.
നോട്ടയ്ക്ക് ഇത്തവണ കഴിഞ്ഞ തവണത്തേതിലും നേരിയ കുറവ് വോട്ടാണ് കിട്ടിയത്. 2014 ല്‍ ആദ്യം വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തിയപ്പോള്‍ നോട്ടയ്ക്ക് 1.08 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിഹാറിൽ ആറ് മണ്ഡലങ്ങളിൽ വിജയിച്ച രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് 0.52 ശതമാനം വോട്ടുകള്‍ കിട്ടി. ജമ്മുകാശ്മീർ നാഷണൽ കോൺഫെറൻസിന് 0.05 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
രണ്ടു സീറ്റുകളില്‍ ജയം നേടിയ ശിരോമണി അകാലിദൾ, സിപിഐ, അപ്നാദൾ എന്നീ പാർട്ടികൾക്കും നോട്ടയുടെ അടുത്തെത്താൻ പോലും സാധിച്ചില്ല. ഏറ്റവും കുറവ് വോട്ടുകള്‍ കിട്ടിയ പാര്‍ട്ടികളിലാണ് ആര്എസ്പിയുള്ളത്. ആർഎസ്പിക്ക് കിട്ടിയത് 0.12 ശതമാനവും, ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് 0.11 ശതമാനവും വോട്ടുനേടാൻ കഴിഞ്ഞപ്പോൾ, അഞ്ച് പാർട്ടികൾക്ക് 0.10 ശതമാനം വോട്ടിലും താഴെയാണ് ലഭിച്ചത്. മിസോ നാഷണൽ ഫ്രണ്ട്, നാഗാപീപ്പിൾസ് ഫ്രണ്ട് എന്നിവര്‍ക്ക് യഥാക്രമം 0.04 ശതമാനവും 0.06 ശതമാനവും വോട്ടുകളുമാണ് കിട്ടിയത്.






