
കോഴിക്കോട് : സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്. നിപ രോഗബാധിതന്റെ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരുടെ പരിശോധന ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും , ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും , കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ . സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ൽ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി. ജില്ലയുടെ ചുമതല റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.






