
നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി കെ.എം. ഷാജി പറഞ്ഞു. എല്ലാ കാര്യങ്ങളും കാര്യക്ഷമമാണെന്ന് അവകാശപ്പെടുന്നില്ലെന്നും വീഴ്ചകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ കാര്യങ്ങൾ പഠിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും അതിനെ എതിർത്തിരുന്ന എല്ലാ നിലപാടിലും ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാറിൽ നിന്ന് പിൻവാങ്ങിയെന്ന് പറയുന്നത് ശരിയല്ലെന്നും ഫണ്ട് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽ എന്താണ് ചെയ്യാൻ കഴിയുകയെന്ന് പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയെ ഇപ്പോഴും അനുകൂലിക്കുന്നില്ലെന്നും കേന്ദ്രവുമായി ആശയപരമായ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ അതിൽപ്പെട്ടതാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയൻ ഒപ്പുവെച്ച കരാർ മുഖ്യമന്ത്രി മാറിയാൽ മാറില്ലെന്നും സർക്കാർ ഒപ്പുവെച്ച കരാറായതിനാൽ അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






