
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായ്ക്ക് അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ വസതി അനുവദിച്ചു. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ കാര്യ മന്ത്രാലയമാണ് അമിത് ഷായ്ക്ക് വാജ്‌പേയിയുടെ വസതി അനുവദിച്ചത്. 6എ കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള വസതിയിലേക്ക് അമിത് ഷാ ഉടന്‍ താമസം മാറും. നിലവില്‍ 11, അക്ബര്‍ റോഡിലെ വസതിയിലാണ് അമിത് ഷാ താമസിക്കുന്നത്.
പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിനോട് വളരെ അടുത്താണ് ഷായുടെ പുതിയ വസതി. മൂന്ന് ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന കൃഷ്ണ മേനോന്‍ ബംഗ്ലാവില്‍ ഏഴ് കിടപ്പുമുറികളും രണ്ട് സ്വീകരണ മുറികളുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ വാജ്‌പേയി മരിച്ചതോടെ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നവംബറോടെ ബന്ധുക്കള്‍ വീടൊഴിഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കൃഷ്ണമേനോന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ എത്തിയ വാജ്‌പേയ് അവിടെ 14 വര്‍ഷത്തോളം താമസിച്ചു.
വാജ്‌പേയ് താമസിക്കാന്‍ എത്തുന്നതിന് മുമ്പ് ഡി.എം.കെ നേതാവ് മുരശൊലി മാരനായിരുന്നു ഇവിടുത്തെ താമസക്കാരന്‍. നേരത്തെ 8 കൃഷ്ണ മേനോന്‍ മാര്‍ഗ് എന്നറിയപ്പെട്ടിരുന്നത് വാജ്‌പേയി കാവല്‍ പ്രധാനമന്ത്രി ആയിരിക്കെ 6എ എന്ന് മാറ്റുകയായിരുന്നു. പ്രധാന നേതാക്കള്‍ താമസിച്ചിരുന്ന വസതികള്‍ സ്മാരകമാക്കി മാറ്റുന്ന പതിവ് വേണ്ടന്ന് ഒന്നാം മോഡി സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അമിത് ഷായ്ക്ക് വീട് അനുവദിച്ചത്.






