
പോര്‍ട്ടോ: ആദ്യ യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍. ഫൈനലില്‍ ഹോളണ്ടിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗലിന്റെ വിജയം.
60 -ാം മിനിറ്റില്‍ ഗോണ്‍കാലോ ഗുയെഡസാണ് പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ എട്ട് മത്സരങ്ങളിലായി പോര്‍ച്ചുഗലിന് വേണ്ടി ഗുയെഡസ് നേടുന്ന മൂന്നാമത്തെ ഗോള്‍ ആണിത്. സ്വന്തം കണികള്‍ക്ക് മുന്നിലാണ് പോര്‍ച്ചുഗല്‍ കപ്പടിച്ചത്. ഇതോടെ യൂറോ കപ്പിനു പിന്നാലെ യുവേഫ നേഷന്‍സ് ലീഗ് കപ്പും പോര്‍ച്ചുഗലിന്റെ ഷെല്‍ഫില്‍.
കളിയുടെ തുടക്കം മുതലേ തന്നെ ഹോളണ്ടിനെ പിടിച്ചുകെട്ടാന്‍ റൊണാള്‍ഡോയുടെ കരുത്തന്മാര്ക്കായി. മാഞ്ചെസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്നായിരുന്നു ഗുയെഡസിന്റെ വിജയഗോള്‍. ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബെര്‍ണാഡോ സില്‍വയാണ്.






