
പ്രശസ്ത ടെലിവിഷന്‍ പരിപാടിയില്‍ വയലിനില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന കരോലിന സ്വദേശിയായ ഒരു പതിനൊന്നുകാരനാണ് ശ്രദ്ധേയനാകുന്നത്. ടൈയ്ലര്‍ ബട്ലര് ഫിഗ്യൂറ എന്ന പതിനൊന്നുകാരന് ഈ നേട്ടം കൈവരിച്ചത് ക്യാന്‍സറിനെ അതിജീവിച്ചാണ്. കെല്ലി ക്ലാര്‍ക്സന്റെ ഹിറ്റ് ആല്‍ബം 'വാട് ഡസന്റ് കില്‍ യു' എന്ന ഗാനത്തിനൊത്ത് വയലിന് വായിച്ചാണ് ടൈയ്ലര്‍ സദസ്സിനെയും വിധികര്‍ത്താക്കളെയും അമ്പരപ്പിച്ചത്.
നാലാം വയസ്സിലാണ് ടൈയ്ലറിന് രോഗം പിടിപെട്ടത്. തന്റെ പ്രകടനത്തിന് മുന്‍പ് താന്‍ നേരിട്ട വേദനയെ കുറിച്ചും അവഗണനയെ കുറിച്ചുമൊക്കെ ടൈയ്ലര്‍ വിധികര്‍ത്താക്കളോട് പങ്കുവെച്ചു.'' നാലാം വയസ്സിലാണ് എനിക്ക് രക്താര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. ക്യാന്‍സര്‍ ആണെന്നതിന്റെ പേരില്‍ എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കി. കീമോതെറാപ്പിയെത്തുടര്‍ന്ന് മുടി കൊഴിഞ്ഞു. ഇതോടെ പരിഹാസങ്ങള്‍ കൂടി. എന്റെ അസുഖം പകരുമെന്നും എന്റടുത്ത് നിന്ന് മാറിനടക്കണമെന്നും സ്കൂളിലെ എല്ലാവരോടും പറഞ്ഞുനടന്നു. എന്റെ രൂപത്തെ കളിയാക്കി. സ്കൂളില്‍ പോകാന്‍ ഇഷ്ടമല്ലായിരുന്നു എനിക്ക്. ഏഴര വയസ്സുള്ളപ്പോഴാണ് ഞാന്‍ വയലിന് പഠിക്കാന്‍ തുടങ്ങുന്നത്. കൂട്ടുകാരുടെ കളിയാക്കലുകളില്‍ നിന്ന് ഒളിച്ചോടാനായിരുന്നു അത്. അന്ന് ക്യാന്‍സറുള്ള കുട്ടി എന്നാണ് സ്കൂളില്‍ ഞാന്‍ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് നന്നായി വയലിന് വായിക്കുന്ന കുട്ടി എന്നാണ് എല്ലാവരും എന്നെ വിശേഷിപ്പിക്കുന്നത് '' ടൈയ്ലര്‍ പറഞ്ഞു.
'' ആദ്യമായി മകന് വയലിന് പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല. ഇന്ന് അവന് വയലിന് വായിക്കുമ്പോള്‍ സന്തോഷവാനാണ്, എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയതു പോലെ തോന്നുന്നു''. ടൈയ്ലറിന്റെ അമ്മ പറഞ്ഞു. ടൈയ്ലറിന്റെ ഗംഭീരപ്രകടനത്തിന് ഗോള്‍ഡന്‍ ബസര്‍ നല്‍കിയാണ് ടൈയ്ലറിനെ വിധികര്‍ത്താക്കള്‍ ആദരിച്ചത്. പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ടൈയ്ലറിന്റെ ഈ നേട്ടമെന്ന് അവര്‍ പറഞ്ഞു.






