
സൗദി അറേബ്യയും യെമനിലെ സര്‍ക്കാര്‍ വിരുദ്ധരും തമ്മിലുള്ള പോരാട്ടം അവസാനം കാണാതെ തുടരുന്നതിനിടയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഉടലെടുത്തിട്ടുള്ള തര്‍ക്കം കൂടുതല്‍ വഷളാകുന്നത് ഗള്‍ഫ് മേഖല ഉള്‍പ്പെടുന്ന മദ്ധ്യേഷ്യയില്‍ ഭീതി കൂട്ടുന്നു. യെമനിലെ ഹൂതി വിമതര്‍ക്കെതിരേ സൗദി സഖ്യസേന പേരാട്ടം തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഒമാന്‍ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവം യുദ്ധഭീതി ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന് മേല്‍ ആരോപിച്ച് അമേരിക്ക രംഗത്ത വന്നിട്ടുണ്ട്.
ഭരണത്തിലേറിയത് മുതല്‍ ഇറാനോട് വിരോധം വെച്ചു പുലര്‍ത്തുന്ന ട്രംപ് ഭരണകൂടത്തിനൊപ്പം ഗള്‍ഫ് മേഖലയിലെ സൗദി സഖ്യകക്ഷികളും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കും. ഇതിനൊപ്പം ഉപരോധം നേരിടുന്ന സൗദി സൗദി, യുഎഇ, ബഹ്റിന് രാജ്യങ്ങളുമായി നില നില്ക്കുന്ന സംഘര്‍ഷവും ഇറാന് ഖത്തര്‍ നല്കുന്ന പിന്തുണയും ഭീതി കൂട്ടുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നും ഇന്ധനം വാങ്ങുന്നതില്‍ ട്രംപ് അതൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഏറ്റവും ഇടുങ്ങിയ പാതയില്‍ കടലിടുക്കിന് 21 മൈല്‍ ആണു വീതി. പേര്‍ഷ്യന്‍ ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിന്ന് എണ്ണക്കപ്പലുകള്‍ ക്രൂഡോയിലുമായി യാത്ര ചെയ്യുന്നത് ഈ കടലിടുക്കിലൂടെയായിരുന്നു. ദിവസം 1.7 കോടി ബാരല്‍ എണ്ണനീക്കം നടക്കുന്ന കടലിടുക്കിലേക്ക് ഇറാനെതിരേ അമേരിക്ക യുദ്ധക്കപ്പല്‍ അയയ്ക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ വഷളാകുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. ഇറാനോട് കടുത്ത മനോഭാവത്തോടെ നീങ്ങുന്ന ട്രംപ് കഴിഞ്ഞമാസം ഇവര്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മിസ് കടലിടുക്കിലെ സംഭവം.
ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലാണ് ജപ്പാന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. മാഗ്നറ്റിക് ബോംബാക്രമണത്തിലാണ് ഫ്രണ്ട് ഓള്‍ട്ടെയര്‍ കപ്പലിനു തീപിടിച്ചതെന്നാണു റിപ്പോര്‍ട്ട്. രണ്ടാമത്തെ കപ്പലിനു നേരെ ടോര്‍പിഡോ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് കപ്പല്‍ ഉപേക്ഷിച്ച് നാവികര്‍ രക്ഷപ്പെട്ടു. രണ്ടു കപ്പലുകളില്‍ നിന്നുമായി 44 പേരെ രക്ഷിച്ചു. ആക്രമണമുണ്ടായ കപ്പലുകളിലൊന്നിനു തീപിടിച്ചു. രണ്ടു കപ്പലുകളും പക്ഷേ മുങ്ങാതെ സംരക്ഷിക്കാനായി. നോര്‍വെ കപ്പലില്‍ നാഫ്തയും ജപ്പാന്റെ കപ്പലില്‍ മെഥനോളുമായിരുന്നു. ഇവയ്ക്കു തീപിടിക്കാതിരുന്നതു വന്‍ ദുരന്തം ഒഴിവാകാനും സഹായിച്ചു.
സംഭവം നടന്നു മൂന്നു മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. കപ്പലില്‍ നിന്നു ചോര്‍ച്ചയും ഉണ്ടായിട്ടില്ല. രക്ഷയ്ക്കെത്തിയത് ഇറാന് നാവികസേനയാണെന്ന് ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമീപത്തെ വാണിജ്യകപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇറാനു കൈമാറുകയായിരുന്നെന്നാണ് മറ്റു റിപ്പോര്‍ട്ടുകള്‍. ഒരു കപ്പലിലെ 21 പേരെ രക്ഷിച്ചത് യുഎസ്എസ് ബെയിന്ബ്രിജ് ആണെന്നാണ് യുഎസ് അവകാശവാദം. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തങ്ങളെ കരിതേച്ചു കാണിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നാണ് ഇറാന്റെ പരാതി.
പ്രശ്നത്തില്‍ ഇടപെട്ട സൗദിയും ഇറാനെതിരേയാണ് സംസാരിച്ചത്. യെമനില്‍ സര്‍ക്കാരിനെതിരേ ഹൂതി സേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കുന്നത് ഇറാനാണെന്നാണ് സൗദി ആരോപിക്കുന്നത്. ഇറാനെതിരേ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന നിര്‍ദേശവും യുദ്ധസമാന സാഹചര്യം ഉടലെടുത്തപ്പോള്‍ തന്നെ വിളിച്ചു ചേര്‍ത്ത അടിയന്തര ഉച്ചകോടിയില്‍ അവര്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുത്ത ഖത്തര്‍ പക്ഷേ ഏകപക്ഷീയമായി നടപടി സ്വീകരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സൗദി, യുഎഇ, ബഹ്റിന് എന്നീ രാജ്യങ്ങളില്‍ നിന്നും ഉപരോധം നേരിടുന്ന രാജ്യമാണ് ഖത്തര്‍. ഇക്കാര്യം തന്നെ ഗള്‍ഫ് മേഖലയില്‍ രാജ്യങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുകയാണ്.
യുഎസ് ഇറാന് പ്രകോപനങ്ങള്‍ യുദ്ധമായി മാറുമോയെന്ന ആശങ്ക പ്രശ്ന പരിഹാരത്തിനായി ഇടനിലക്കാരാകാന്‍ എത്തിയ ജപ്പാനും പങ്കുവെയ്ക്കുന്നുണ്ട്. ഹോര്‍മിസ് കടലിടുക്കിലെ സംഘര്‍ഷം ലോക എണ്ണവിപണിയെയും ബാധിച്ചിട്ടുണ്ട്. എണ്ണക്കയറ്റുമതിയെ പ്രശ്നം ബാധിക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ഇന്ധന വില്‍പ്പന നാലു ശതമാനമാണ് കൂടി. വിലയും കയറുന്ന സ്ഥിതിയിലാണ്. ഇനിയും ഉണ്ടാകുന്ന ആക്രമണങ്ങള്‍ ക്രൂഡോയില്‍ നീക്കത്തെ തടസ്സപ്പെടുത്തുകയും വില ഇനിയും കൂടാന്‍ ഇടയാകുമെന്നും വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നു. ഇപ്പോള്‍ തന്നെ ഗള്‍ഫിലേക്ക് എണ്ണ സംഭരണത്തിനായി പോകാനിരുന്ന മൂന്ന് കപ്പലുകളാണ് റദ്ദാക്കിയിരിക്കുന്നത്.
പിരിമുറുക്കത്തിന്റെ പിടിയിലാണു മധ്യപൂര്‍വദേശം. യെമനിലെ അബ്ദുറബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ അട്ടിമറിച്ച ഹൂതികള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം ചേര്‍ന്നു സൗദി സഖ്യസേന യുദ്ധം ആരംഭിച്ച് 4 വര്‍ഷം പിന്നിട്ടിട്ടും സമാധാനശ്രമങ്ങളോ വെടിനിര്‍ത്തലോ വിജയിച്ചിട്ടില്ല. ഐക്യരാഷ്ര്ട സംഘടനയുടെ ശ്രമങ്ങളെ തുടര്‍ന്ന് സംഘര്‍ഷം കുറഞ്ഞുനിന്ന ഏതാനും മാസങ്ങള്‍ക്കു ശേഷം ഹൂതികള്‍ വീണ്ടും ജനവാസ മേഖലകളില്‍ ആക്രമണം ആരംഭിച്ചതോടെ സഖ്യസേന കനത്ത തിരിച്ചടി തുടങ്ങിക്കഴിഞ്ഞു.






