
മാവേലിക്കര: പോലീസുകാരിയായ സൗമ്യയെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും മുന്‍പും പെട്രോളൊഴിച്ചു കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ ഇന്ദിര. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് സൗമ്യയെ അജാസ് ചുട്ടുകൊല്ലാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മ പോലീസിനു മൊഴി നല്കി.
ഒരിക്കല്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിച്ചായിരുന്നു വീട്ടിലെത്തിയാണ് സൗമ്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഷൂ ഊരി നടുവില്‍ അടിച്ചു. സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു. അജാസ് പലവിധത്തിലും ശല്യം ചെയ്തിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയതായി മാതാവ് ഇന്ദിര പറയുന്നു.
ഇരുവരും തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു. സൗമ്യ അജാസില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. രൂപ തിരികെ നല്കാന് സൗമ്യയോടൊപ്പം താനും എറണാകുളത്തു പോയി. അജാസ് പണം വാങ്ങിയില്ല. ഉപദ്രവിച്ചതിലുള്ള കുറ്റബോധം മൂലമാണു പണം വാങ്ങാത്തത് എന്ന് അജാസ് പറഞ്ഞതായി സൗമ്യ അന്നു പറഞ്ഞത്.
തിരികെ വീട്ടില്‍ കൊണ്ടുവിട്ടത് അജാസ് ആണ്. തന്നെ ചങ്ങന്‍കുളങ്ങരയിലും സൗമ്യയെ ഓച്ചിറയിലുമാണ് ഇറക്കിയത്. അടുത്ത ദിവസം രാവിലെ ഏഴിനു ഡ്യൂട്ടിക്കു കയറേണ്ട അജാസിനെ രാവിലെ ഫോണില്‍ വിളിച്ചെഴുന്നേല്‍പ്പിച്ചില്ലെന്നു പറഞ്ഞു സൗമ്യയെ ഭീഷണിപ്പെടുത്തുകയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. അന്നത്തെ പണം സൗമ്യ അജാസിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തെങ്കിലും തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ തിരികെ ഇട്ടു. ചോദിക്കാന്‍ ഞാന്‍ അജാസിനെ ഫോണില്‍ വിളിച്ചു.
സൗമ്യയെ വിവാഹം ചെയ്യണമെന്ന് അജാസ് ആവശ്യപ്പെടുകയുണ്ടായി. മേലില്‍ മകളെ വിളിക്കരുതെന്നും ഭര്‍ത്താവും മക്കളുമായി കഴിയുന്ന അവളെ ഉപദ്രവിക്കരുതെന്നും പറഞ്ഞു. വിവാഹം കഴിച്ചു ജീവിക്കാനും ഉപദേശിച്ചു. മറ്റൊരു രീതിയിലുമുള്ള അടുപ്പവും മകള്‍ക്ക് അജാസുമായി ഉണ്ടായിരുന്നില്ല. മൂന്നു മക്കളുണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ പലപ്പോഴും പറഞ്ഞെങ്കിലും അവന് എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞു.
അജാസുമായി സൗമ്യയ്ക്ക് എത്ര നാളത്തെ പരിചയമുണ്ടെന്നു കൃത്യമായി അറിയില്ല. അജാസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. അജാസിന്റെ ഫോണ്‍ സൗമ്യ ബ്ലോക്കും ചെയ്തു. പിന്നീട് മറ്റു നമ്പറുകളില്‍നിന്ന് ഫോണ്‍ വിളിച്ച് അജാസ് ഭീഷണിപ്പെടുത്തുമായിരുന്നെന്നും മൊഴിയില്‍ പറയുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസിന്റെ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഭര്‍ത്താവ് സജീവനും സൗമ്യയുമായി തര്‍ക്കമുണ്ടായി. അന്നു വല്യച്ഛന്റെ വീട്ടില്‍ വച്ചു പരിഹരിക്കാനും ശ്രമിച്ചു. സജീവ് ഇല്ലാതാകുമ്പോള്‍ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോയെന്ന് അജാസ് സൗമ്യയോടു പറഞ്ഞിരുന്നു.
സൗമ്യ കടംവാങ്ങിയ പണം എറണാകുളത്ത് എത്തി തിരികെ നല്കാന് ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ലെന്ന വിവരം എറണാകുളം നോര്‍ത്ത് എസ്ഐ രാജന് ബാബുവിനോടു രണ്ടുമാസം മുമ്പ് സൗമ്യ ഫോണില്‍ പറഞ്ഞിരുന്നു. പരാതി എഴുതി തനിക്കു നല്കാന് അദ്ദേഹം അന്നു നിര്‍ദേശിച്ചു. എന്നാല്‍, പരാതി എഴുതി നല്‍കിയില്ല. അതിനുശേഷം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സ്ഥലംമാറ്റത്തിലാണ് രാജന് ബാബു എറണാകുളം നോര്‍ത്തിലേക്കു മാറിയെന്നും ഇന്ദിര പറയുന്നു. എന്നാല്‍ ഭീഷണിയെപ്പറ്റി പോലീസിനോട് സൗമ്യ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വള്ളികുന്നം എസ്.ഐ പറയുന്നത്. കൊലപാതകശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതെന്നും എസ്.ഐ പറഞ്ഞു.






