
ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ നിന്ന് പുറത്ത്. അടുത്ത രണ്ട് മത്സരങ്ങള്ഭുവനേശ്വര് കുമാറിനു നഷ്ടമാകുമെന്ന് മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കി.
ഭുവിയുടെ പരിക്ക് ചെറുതാണ്. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ ഭുവി ഉണ്ടാകാന്‍ സാധ്യതയില്ല. ചിലപ്പോള്‍ മൂന്നു മത്സരങ്ങള്‍ നഷ്ടമായേക്കും. അതിനു ശേഷം ഭുവനേശ്വര്‍ ടീമില്‍ തിരിച്ചെത്തുമെന്നും ഇന്ത്യന്‍ നായകന് വ്യക്തമാക്കി. ഭുവനേശ്വറിന് പകരം അടുത്ത മത്സരങ്ങളില്‍ മുഹമ്മദ് ഷമി കളിക്കുമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അത്രയും നിര്‍ണായകമായ താരമാണ് ഭുവിയെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെതിരായ മത്സരത്തിന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. ഇതുകാലില് പേശി വലിവ് അനുഭവപ്പെട്ട താരം ഓവര്‍ പൂര്‍ത്തിയാക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പകരം വിജയ് ശങ്കറാണ് ഭുവിയുടെ ഓവര്‍ പൂര്‍ത്തിയാക്കിയത്. വിജയ് ശങ്കര്‍ തന്റെ ആദ്യ പന്തില്‍ ഇമാം ഉള് ഹഖിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. ജൂണ്‍ 22 ന് അഫ്ഗാനിസ്ഥാനെതിരെയും 27 ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും, 30 ന് ഇംണ്ടിനെതിരെയുമാണ് ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമത്തിലാണ്. പകരം വിജയ് ശങ്കറാണ് ടീമില്‍ ഇടം നേടിയത്. അവസാന ലീഗ് മത്സരങ്ങളില്‍ ധവാന് ടീമില്‍ മടങ്ങിയെത്തുമെന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയത്.






