
ബെലോ ഹൊറിസോണ്ടേ: കോപ്പാ അമേരിക്ക ഫുട്ബോളില്‍ ഖത്തറിനെ തോല്‍പ്പിച്ച് കൊളംബിയ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ടീമായി മാറിയപ്പോള്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. പരാഗ്വേയുമായി ഒരു ഗോള്‍ സമനിലയുമായാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ലിയോണേല്‍ മെസ്സിയുടെ ഗോളായിരുന്നു മുന്‍ ലോക ചാമ്പ്യന്മാരെ സമനിലയില്‍ എത്തിച്ചത്.
അതേസമയം ജയിക്കാന്‍ സുവര്‍ണാവസരം കിട്ടിയ പരാഗ്വേ പെനാല്‍റ്റി തുലച്ച് നഷ്ടപ്പെടുത്തി. ആദ്യ മത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ട അര്‍ജന്റീനയ്ക്ക് ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് പരാഗ്വേയായിരുന്നു. 37 ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസ് പരാഗ്വേയെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയില്‍ മെസ്സിയുടെ ഗോള്‍ അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചു. ഇതിന് തൊട്ടുപിന്നാലെ പരാഗ്വേയ്ക്കും മികച്ച അവസരം കിട്ടിയെങ്കിലും ഡെര്‍ലിസ് ഗോണ്‍സാലസ് എടുത്ത പെനാല്‍റ്റി അര്‍ജന്റീനിയന്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി തട്ടിയകട്ടി. സമനിലയോടെ ജീവന് തിരിച്ചു പിടിച്ച അര്‍ജന്റീനയ്ക്ക് അടുത്ത മത്സരത്തില്‍ എതിരാളികള്‍ ദുര്‍ബലരായ ഖത്തറാണ്. അതേസമയം ആദ്യ മത്സരത്തിലും സമനിലയില്‍ കുരുങ്ങിയ പരാഗ്വേ അടുത്ത മത്സരത്തില്‍ നേരിടേണ്ടത് കരുത്തരായ കൊളംബിയയെയാണ്.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തിയ കൊളംബിയ രണ്ടാം മത്സരത്തില്‍ ഖത്തറിനെയും പരാജയപ്പെടുത്തിയതോടെയാണ് ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ടീമായത്്. യുവാന്‍ സപ്പാട്ട 86 ാം മിനിറ്റില്‍ നേടിയ ഗോളായിരുന്നു കൊളംബിയയെ ആദ്യ എട്ടില്‍ എത്തിച്ചത്. സുപ്പര്‍താരം ജെയിംസ് റോഡ്രിഗ്രസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. അര്‍ജന്റീനയ്ക്കെതിരേയും ജെയിംസിന്റെ മികവായിരുന്നു കൊളംബിയയെ രക്ഷിച്ചത്. അടുത്ത മത്സരത്തില്‍ ഖത്തറിനെതിരേ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അര്‍ജന്റീന പുറത്താകും.




