
കോഴിക്കോട്: കടല്‍ കനിഞ്ഞ് വല നിറയെ മീന്‍.. മത്സ്യ ബന്ധനത്തിനായി പോകുന്ന ഓരോ തൊഴിലാളിയുടെയും മനസില്‍ നിറയുന്ന സ്വപ്നമാണ് ഇത്. എന്നാല്‍ ഇതേസമയം കടലില്‍ വന്നടിയുന്ന മാലിന്യ കൂമ്പാരത്തെക്കുറിച്ച് അതേതുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളോ കടലില്‍ ഉപജീവനം തേടി പോകുന്ന ആരും കാണാറില്ല. ഓരോ നിമിഷവും ടണ്‍ കണക്കിനു മാലിന്യങ്ങളാണ് കടലില്‍ വന്നടിയുന്നത്. 2025 ഓടെ കടലില്‍ മത്സ്യ സമ്പത്തിനേക്കാളും മാലിന്യ സമ്പത്ത് ഉയരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത്തരമൊരു റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കോഴിക്കോട് ചോമ്പാല തുറമുഖത്തുള്ള കെ.വി. പ്രിയേഷ് എന്ന മത്സ്യത്തൊഴിലാളിയെ ആകെ അസ്വസ്ഥമാക്കി. കടല്‍ എന്റെ വീടാണ്. എല്ലാവരും നിങ്ങളുടെ വീട്ടിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ്, മാലിന്യം കുമിഞ്ഞു കൂടുമ്പോള്‍ അവിടെ നിങ്ങള്‍ക്ക് എങ്ങനെ ശ്വാസം എടുക്കാനാകും. ഇതേ അവസ്ഥയാണ് കടലില്‍ കഴിയുന്ന ഓരോ ജീവജാലങ്ങളും അനുഭവപ്പെടുക..30 കാരനായ പ്രിയേഷ് പറയുന്നു.
എല്ലാവരും ചിന്തിക്കുന്നത് മാലിന്യം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് കടല്‍ തീരത്താണെന്നാണ്. എന്നാല്‍ കടലിന്റെ അടിത്തട്ടിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം കാണപ്പെടുന്നത്. ഇത് സഞ്ചാരികളോ യാത്രക്കാരോ നിക്ഷേപിക്കുന്ന മാലിന്യം മാത്രമല്ല, കടലില്‍ മീന്‍ തേടി പോകുന്ന ഓരോ മത്സ്യത്തൊഴിലാളികളും പ്ലാസ്റ്റിക് മാലിന്യം കടലില്‍ നിക്ഷേപിച്ചാണ് തിരികെ മടങ്ങുന്നത്. കടലിലെ മാലിന്യക്കൂമ്പാരത്തിന് ഓരോ മത്സ്യത്തൊഴിലാളിയും കാരണക്കാര്‍ തന്നെയാണ്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച പ്രിയേഷ് എന്ന മത്സ്യത്തൊഴിലാളി കടലിന്റെ ദാരുണ അവസ്ഥയെക്കുറിച്ച് ബോധവാനായി തന്റെ ഭാഗത്തു നിന്ന് എന്ത് ചെയ്യാനാകുമെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു.
പിന്നാലെ കടലിന്റെ ആഴങ്ങളില്‍ മീനിനൊപ്പം പ്രിയേഷ് പ്ലാസ്റ്റിക് മാലിന്യവും തേടിത്തുടങ്ങി. മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ കാണുന്ന ഓരോ പ്ലാസ്റ്റിക് മാലിന്യവും പ്രിയേഷ് വലിച്ചു കയറ്റി. കൂടെയുള്ളവര്‍ പരിഹാസത്തോടെ പ്രിയേഷിനെ ഭ്രാന്തനെന്നും വിളിച്ചു തുടങ്ങി. ഇത്തരം പരിഹാസങ്ങളൊന്നും പ്രിയേഷിനെ പിന്നോട്ടടിച്ചില്ല. എന്നാല്‍ ഒരാള്‍ക്ക് ശേഖരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യത്തേക്കാളും ഇരട്ടി ഗ്രൂപ്പായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന് പ്രിയേഷ് ചിന്തിച്ചു തുടങ്ങിയതോടെ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനെ സമിപിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജന യൂണിറ്റ് തുടങ്ങുകയും ഹരിത കര്‍മ്മ സേന എന്ന പേരില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കല്‍ ആരംഭിക്കുകയും ചെയ്തു. ആയൂര്‍വേദ ചികിത്സയ്ക്കായി പ്രദേശത്ത് എത്തുന്ന വിദേശികള്‍ പോലും ഇവരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു എന്നതും ഇവരുടെ പ്രവര്നത്തനങ്ങളെ പ്രശംസനീയമാക്കുന്നു. പ്രിയേഷ് എന്ന ആളുടെ മനസില്‍ തോന്നിയ ഒരു തീപ്പൊരിയാണ് വലിയൊരു പാരിസ്ഥിതിക വിപ്ലവത്തിലേക്ക് നയിച്ചത്..