
മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗീകാപവാദ കേസില്‍ കുരുക്ക് കുടുതല്‍ മുറുക്കി കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്ന പേരും ബിനോയിയുടേത്. ഇതു സംബന്ധിച്ച രേഖകളും കുട്ടിയെ ബിനോയി തട്ടിക്കൊണ്ടു പോകുമെന്ന് ഭയപ്പെടുന്നതായുള്ള യുവതിയുടെ കത്തും പുറത്തുവന്നു.
കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ യുവതിയുടെ പാസ്പോര്‍ട്ട് രേഖകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് ചേര്‍ത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും പുറത്തുവന്നിരിക്കുന്നത്. 2010ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വിനോദിനി ബാലകൃഷ്ണന് എന്നും ചേര്‍ത്തിട്ടുണ്ട്. അതിനിടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന പരാതിക്കാരിയുടെ കത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31 നാണ് യുവതി ബിനോയിക്ക് കത്ത് നല്‍കിയത്.
ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി കത്തില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 31 നാണ് യുവതി ബിനോയിക്ക് കത്ത് നല്‍കിയത്. നേരത്തേ പാസ്പോര്‍ട്ട് എടുക്കും മുമ്പ് യുവതി ബിനോയി വിനോദിനി ബാലകൃഷ്ണന് എന്ന് തന്റെ പേരിന് വാലായി ചേര്‍ത്ത് പേരു പരിഷ്ക്കരിച്ചതുമായി ബന്ധപ്പെട്ട രേഖകളും ബിനോയിക്ക് തിരിച്ചടിയായേക്കും. ഇക്കാര്യത്തില്‍ മുംബൈയില്‍ യുവതി പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യാമെന്നിരിക്കെ ബിനോയി പരാതി നല്‍കിയിട്ടുമില്ല. അതിനിടയില്‍ കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും.
പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ളാക്ക് മെയില്‍ ചെയ്തു പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും നേരത്തേ ബിനോയിയുടെ അഭിഭാഷകന്റെ നിലപാട്. യുവതിയുടെ പരാതിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മാനഭംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബിനോയിയുടെ വാദം. എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് നിലപാട് എടുത്തു.






