
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കേരളത്തില്‍ ഓണത്തിനെത്തും. വാണിജ്യാടിസ്ഥാനത്തില്‍ ഓട്ടോ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് അനുമതി ലഭിച്ചു.
കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ദി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയിലാണ് അംഗീകാരത്തിനുള്ള പരിശോധനകള്‍ നടന്നത്. നെയ്യാറ്റിന്‍കരയിലെ പ്ലാന്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കും.
ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഭാവിയില്‍ ഇ-ഓട്ടോറിക്ഷകള്‍ക്കു മാത്രമേ പെര്‍മിറ്റ് നല്‍കൂ. 2020-ഓടെ ഈ നഗരങ്ങളില്‍ 15,000 ഇ-ഓട്ടോകള്‍ നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
വര്‍ഷം ഏഴായിരം വാഹനങ്ങളാണ് ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയാല്‍ വിവിധ ജില്ലകളില്‍ വില്‍പ്പനശാലകളും സര്‍വീസ് സെന്ററുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് എം.ഡി. എ. ഷാജഹാന് പറഞ്ഞു.
'കേരള നീം ജി' എന്നാണ് ഓട്ടോയുടെ പേര്. ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഏകദേശം രണ്ടരലക്ഷം രൂപയായിരിക്കും വില. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണ് ഓട്ടോയിലുള്ളത്.
മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. കാര്‍ബണ്‍ മലിനീകരണവും ശബ്ദമലിനീകരവണവുമില്ല. സങ്കീര്‍ണമായ യന്ത്രഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണിയും കുറവായിരിക്കും.






