
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിവാദത്തില്‍ സഹായ മെത്രാന്മാരെ സസ്പെന്റു ചെയ്തുകൊണ്ടുള്ള വത്തിക്കാന്റെ ഉത്തരവ് പുറത്തുവന്നു. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി വഴി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൊടുത്ത കത്തും ഓറിയന്റല്‍ കോണ്ഗ്രിഗേഷന് പ്രിഫെക്ട് കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയും അയച്ച കത്തുകളാണ് പുറത്തുവന്നത്. ഈ കത്തുകളിലാണ് സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ അതിരൂപതയുടെ ചുമതലകളില്‍നിന്ന് നീക്കിയതായും ഇരുവരും അതിരൂപത ആസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച രാത്രി കര്‍ദിനാള്‍ നല്കിയ കത്തിനെ തുടര്‍ന്നാണ് ഇരുവരും അതിരൂപതയില്‍ നിന്ന് പുറത്തുപോയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കത്ത് ഇന്നാണ് പുറത്തുവന്നത്. ജൂണ്‍ 24നും 26നും അയച്ചതാണ് കത്തുകളാണിവ.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന്റെ ചുമതലകള്‍ അവസാനിച്ചതായും സഹായ മെത്രാന്മാരെ ചുമതലകളില്‍ നിന്നും നീക്കിയതായും കത്തില്‍ പറയുന്നു. ഇരുവര്‍ക്കും പുതിയ ചുമതലകള്‍ നല്കാന് സിറോ മലബാര്‍ സിനഡിനെ മാര്‍പാപ്പ ചുമതലപ്പെടുത്തുന്നുവെന്നും അപ്പസ്തോലിക് നൂണ്‍ഷ്യോയും കര്‍ദിനാള്‍ സാന്ദ്രിയും ഒപ്പുവച്ചിരിക്കുന്ന കത്തുകളില്‍ പറയുന്നു.






