
തിരുവനന്തപുരം: അട്ടകുളങ്ങര വനിതാ സബ്ജയിലില്‍ നിന്ന് തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ പ്രശംസാ പത്രവും പാരിദോഷികവും പ്രഖ്യാപിച്ചു. തടവു ചാടിയവരെ പിടികൂടുന്നതിനു കാണിച്ച അര്‍പ്പണബോധം പരിഗണിച്ചാണിത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി അശോകന്, പാലോട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി കെ മനോജ്, പാലോട് എസ്ഐ എസ് സതീഷ് കുമാര്‍, പാങ്ങോട് എസ്ഐ ജെ അജയന്, ഗ്രേഡ് എസ്ഐ എം ഹുസൈന്, പാങ്ങോട് ഗ്രേഡ് എഎസ്ഐ കെ പ്രദീപ്, വലിയമല പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് കുമാര്‍, പാങ്ങോട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിസ്സാറുദീന്‍ ആര് എസ് എന്നിവര്‍ക്കാണ് പ്രശംസാപത്രം ലഭിക്കുക. അതിനും താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ജയില്‍ ചാടിയ ശില്‍പ്പ മോള്, സന്ധ്യ എന്നിവരെ പോലീസ് പിടികൂടുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ ജെയില്‍ ചാടിയത്. ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പോലീസും റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഷാഡോ പോലീസും ചേര്‍ന്ന് ഇരുവരേയും പിടികൂടുകയായിരുന്നു.
ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പാങ്ങോട് സ്വദേശിയായ ശില്‍പ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴെത്തട്ടില്‍ നിന്നുള്ളവരാണ്. രണ്ടുപേരും ചെറിയ കുട്ടികളുടെ അമ്മമാരും ആണ്.
അതേസമയം ആസൂത്രിതമായാണ് ഇരുവരും ജയില്‍ ചാടിയതെന്നാണ് യുവതികള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ജയില്‍ കെട്ടിടത്തിലെ മൂന്നാം നിലയിലെ തയ്യല്‍ ക്ലാസിനു ഇരുവരും പോയിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്റിന് സമീപം കമ്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടി ചാടുകയായിരുന്നു. ജയില്‍ കാലാവതി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞു.






