
കൊച്ചി : താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സംഘടനയുടെ നേതൃത്വനിരയില്‍ വനിത സംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതി ഇന്നത്തെ പൊതുയോഗത്തില്‍ ചര്‍ച്ചചെയ്യും. വനിതകളെ ഉള്‍ക്കൊള്ളിക്കുന്നതടക്കം മൂന്നു പ്രധാന ഭേദഗതികളാണ് വാര്‍ഷിക പൊതുയോഗത്തിന്റെ പ്രധാന അജണ്ട.
അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലും ഭരണഘചനാ ഭേദഗതിയെ കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനമടക്കം അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കി വെയ്ക്കുന്നതിലാണ് പ്രധാന ചര്‍ച്ച നടക്കുക. സംഘടനയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നതിന് സംബന്ധിച്ച നിര്‍ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നു നടക്കുന്ന യോഗത്തില്‍ സിനിമ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ആഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കുന്ന കാര്യവും ചര്‍ച്ചചെയ്യും. എന്നാല്‍ താരസംഘടനയായ അമ്മ ഒരു തൊഴില്‍ സംഘടനയല്ല എന്ന നിലപാടിലാണ് ഭാരവാഹികള്‍.അതുകൊണ്ടുതന്നെ സംഘടനയ്ക്ക് മാത്രമായി പരാതി പരിഹാര സെല്‍ വേണമോ എന്ന കാര്യത്തിലും ഇന്ന് ചര്‍ച്ചകള്‍ ഉണ്ടാവും. പൊതുയോഗത്തില്‍ പുതിയ ഭേദഗതികള്‍ അംഗീകരിച്ചാല്‍ അടുത്തവര്‍ഷം നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പ് മുതല്‍ ഇത് നടപ്പിലാകും.






