കണ്ണൂര്‍: സിപിഎം വിമത സ്ഥാനാത്ഥിയായി സിഒടി നസീറിനെതിരെയുണ്ടായ കൊലപാതക ശ്രമത്തില്‍ തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിന്റെ മൊഴിയെടുക്കും. ഗൂഡാലോചന നടന്നത് ഷംസീറിന്റെ സഹോദരന് ഷാഹിറിന്റെ ഇന്നോവ കാറിലാണ് ഗൂഡാലോചന നടന്നത് എന്ന മുഖ്യപ്രതി പൊട്ടി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയുടെ മൊഴിയെടുക്കുന്നത്.
കണ്ണൂര്‍ ചോണാടം കിന്‍ഫ്രാ പാര്ക്കിന് മുന്നില്‍ വെച്ചായിരുന്നു ആദ്യ ഗൂഡാലോചന നടന്നത്. ഇതേ കാറില്‍ വച്ചു കുണ്ടുചിറയില് വച്ച് രണ്ടാമതും ഗൂഢാലോചന നടന്നുവെന്തുമാണ് മുഖ്യപ്രതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാര്‍ ഷംസീറിന്റെ സഹോദരന്റെ ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതേ കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാഗേഷ് സന്തോഷുമായി ഗൂഡാലോചന നടത്തിയതായും സംഭവ ദിവസവും തൊട്ടടുത്ത ദിവസവും ഷംസീര്‍ ഇവരെ നിരവധി തവണ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തിയിരുന്നു. ഈ ഇന്നോവ കാര്‍ രാഗേഷ് ആണ് ഓടിച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഷംസീറും ഈ കാര്‍ പല വട്ടം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അടക്കം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുള്ളത്.






