
ബംഗ്ലാദേശിനെതിരായ വിജയത്തോടെ ഇന്ത്യന്‍ ടീം ലോകകപ്പ് സെമിബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. സെമിയില്‍ എത്തിയ ഇന്ത്യന്‍ ടീമിനേയും ആരാധകരേയും കുഴയ്ക്കുന്നത് പക്ഷെ മറ്റൊന്നാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഡിആര്‍എസ് തീരുമാനമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പ്രകോപിതനാക്കിയത്. ഇതിന്റെ പേരില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരോട് തര്ക്കിച്ചതും അതിരു കടന്ന അപ്പീലുമാണ് കോഹ്ലിയെ സസ്പെന്ഷന് ഭീഷണിയിലാക്കിയത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ 12-ാം ഓവറില്‍ ഡിആര്‍എസ് തീരുമാനത്തിന്റെ പേരില്‍ കോഹ്ലി അമ്പയര്‍ മാരിയസ് എറാസ്മസിനോട് ദീര്‍ഘനേരം തര്‍ക്കിച്ചു. മുഹമ്മദ് ഷമിയുടെ ഓവറില്‍ സൗമ്യ സര്‍ക്കാറിനെതിരെയാണ് എല്‍ബിഡബ്ല്യൂ വിനായി ഇന്ത്യ അപ്പീല്‍ ചെയ്തത്. തുടര്‍ന്ന് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചതോടെയാണ് കോഹ്ലി ഡിആര്‍എസ് തീരുമാനത്തിലേക്ക് നീങ്ങിയത്. എന്നാല്‍ തേഡ് അമ്പയറായ അലീം ദാറും ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായക വിക്കറ്റും ടീമിന് റിവ്യൂവും നഷ്ടമായതിന് പിന്നാലെ അമ്പയറുമായി വിക്കറ്റിന്റെ പേരില്‍ കോഹ്ലി തര്‍ക്കിച്ചിരുന്നു.
നേരത്തെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടയിലും അതിരുകടന്ന അപ്പീലിന്റെ പേരില്‍ കോഹ്ലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ലഭിച്ചിരുന്നു. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയിന്റും ഇതിനൊപ്പം ലഭിച്ചിരുന്നു. ഇതോടെ കോഹ്ലിയുടെ പേരില്‍ രണ്ടു ഡീമെറിറ്റ് പോയിന്റുകളായി. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ കോഹ്ലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ലഭിക്കുകയും അടുത്ത മത്സരത്തിലും കോഹ്ലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായി ഒരു പോയിന്റ് കൂടി കിട്ടിയാല്‍ കോഹ്ലിക്കെതിരെ ഐസിസി നടപടി എടുക്കും.
ഐസിസി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കുണ്ടാകും. ഇതാണ് ഇന്ത്യന്‍ ടീമിനേയും ആരാധകരേയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നത്.






