
ലോകകപ്പില് ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തോടെ പാക്കിസ്ഥാന് ഓള്റൗണ്ടര് ഷോയ്ബ് മാലിക് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു. ലോകകപ്പില് സെമി പ്രവേശിക്കാനാകാതെ പാക്ക് ടീം മടങ്ങിയെങ്കിലും അവസാന മത്സരങ്ങളില് മികച്ച പ്രകടനം ടീം പുറത്തെടുത്തിരുന്നു.
വിരമിക്കല് പ്രഖ്യാപനത്തിനു പിന്നാലെ വികാരനിര്ഭരമായ കുറിപ്പെഴുതി ഭാര്യയും ഇന്ത്യന് ടെന്നീസ് താരവുമായ സാനിയ മിര്സ. 20 വര്ഷത്തെ കരിയറിനിടയില് മാലിക് നേടിയ ഓരോ വിജയത്തിലും അഭിമാനിക്കുന്നുവെന്ന് സാനിയ ട്വീറ്റില് പറയുന്നു.
'എല്ലാ കഥയ്ക്കും ഒരു അവസാനമുണ്ടാകും. പക്ഷെ ജീവിതത്തില് എല്ലാ അവസാനവും ഓരോ പുതിയ തുടക്കമാണ്. 20 വര്ഷം നിങ്ങളുടെ രാജ്യത്തിനായി കളിച്ചു. നിങ്ങളുടെ ഓരോ നേട്ടത്തിലും നിങ്ങള് ആരാണ് എന്നതിലും ഞാനും ഇസാനും അഭിമാനിക്കുന്നു..' സാനിയ ട്വീറ്റ് ചെയ്തു.
മാലിക് കരിയറില് 287 ഏകദിനങ്ങളില് നിന്ന് 7534 റണ്സ് നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ചുറിയും 44 അര്ധ സെഞ്ചുറിയും അടങ്ങുന്നതാണ് മാലിക്കിന്റെ സമ്പാദ്യം. 158 വിക്കറ്റും വീഴ്ത്തി. മാഞ്ചസ്റ്ററില് ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരമായിരുന്നു മാലിക്കിന്റെ അവസാന മത്സരം. 1999 ഒക്ടോബറില് വെസ്റ്റിന്ഡീസിനെതിരെയാണ് മാലിക് ഏകദിന അരങ്ങേറ്റം നടത്തിയത്.







Comments