ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു. നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന എല്ലാവരും രാജിവച്ച് വിമതര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്തിനും വഴങ്ങാതെ കടൂപിടുത്തം തുടരുകയാണ് വിമത എം.എല്‍.എമാര്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഇടപെട്ടാണ് വിമതര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത്. എന്നാല്‍ അസ്ഥിരമായ ഒരു മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന നിലപാടിലാണ് വിമതര്‍.
പരമേശ്വരയുടെ നീക്കങ്ങളും ഫലം കാണാതെ വന്നതോടെ കോണ്‍ഗ്രസ് ഡി.കെ ശിവകുമാറിനെ രംഗത്ത് ഇറക്കിയിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് പി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയില്‍ എത്തിച്ച വിമത എം.എല്‍.എമാര്‍ ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയോടെയാണ് മാറിനില്‍ക്കുന്നത്. ഇതിനിടെ എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ഡി.കെ ശിവകുമാര്‍ വൈകുന്നേരത്തോടെ മുംബൈയിലേക്ക് പുറപ്പെട്ടു. എം.എല്‍.എമാരെ നേരിട്ട് കണ്ട് അനുനയിപ്പിക്കുകയാണ് ലക്ഷ്യം.
Bengaluru: Karnataka Minister and Congress leader DK Shivakumar leaves for Mumbai. #Karnataka pic.twitter.com/89U4isFyB3
— ANI (@ANI) July 8, 2019
അതേസമയം ശിവകുമാര്‍ മുംബൈയിലേക്ക് പുറപ്പെടുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ വിമത എം.എല്‍.എമാര്‍ ഗോവയിലേക്ക് പോയി. ബി.ജെ.പി നേതാവ് മോഹിത് ഭാരതീയയുടെ നേതൃത്വത്തിലാണ് എം.എല്‍.എമാരെ ഗോവയിലേക്ക് മാറ്റിയിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ പ്രസാദ് ലാഡ്, മോഹിത് കാംഭോജ് എന്നിവരുടെ നേതൃത്വത്തിലാണ് മുംബൈയില്‍ വിമത എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്നത്. എം.എല്‍.എമാരുടെ വിമത നീക്കത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും എം.എല്‍.എമാരെ ബംഗളുരുവില്‍ നിന്ന് മാറ്റിയത് മുതല്‍ എല്ലാ കാര്യങ്ങളിലും ബി.ജെ.പി നേതാക്കളുടെ സാന്നിധ്യമുണ്ട്.






