
കൊല്‍ക്കൊത്ത : മത്സ്യബന്ധനത്തില്‍ ആഴക്കടലില്‍ പോയ ബോട്ട് കാറ്റില്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്നവര്‍ തണുത്തുമരവിച്ച് കടലില്‍ മുങ്ങിത്താഴുമ്പോള്‍ മുളങ്കമ്പില്‍ പിടിച്ച് മഴവെള്ളം മാത്രം കുടിച്ച് രബീന്ദ്രനാഥ ദാസ് മരണവുമായി മല്ലിട്ടു കിടന്നത് അഞ്ചുനാള്‍. ഭക്ഷണവും ലൈഫ് ജാക്കറ്റുമില്ലാതെയാണ് ദാസ് പിടിച്ചുകിടന്നത്. ഒടുവില്‍ അതുവഴി വന്ന ബംഗ്ലാദേശി കപ്പല്‍ രക്ഷകനായി.
ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകവേയാണ് രബീന്ദ്രനാഥ ദാസും സംഘവും സഞ്ചരിച്ച എഫ്ബി നാരായണ്‍ -1 ബോട്ട് ഈ മാസം ആറിന് കാറ്റിലും കോളിലും പെട്ട് മുങ്ങിയത്. ബോട്ടിന്റെ ക്യാപ്റ്റനായ ദാസ് ഉള്‍പ്പെടെ 12 പേര് കടലിലേക്ക് ചാടി. മറ്റുള്ളവര്‍ ബോട്ടിനൊപ്പം കടലിനടിത്തട്ടിലേക്ക് മുങ്ങിപ്പോയി. ഇന്ധന വീപ്പകളിലും മറ്റ് പിടിച്ചുകിടന്ന് ഇവര്‍ അതീജിവിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓരോരുത്തരായി തണുത്തുമരവിച്ച് കടലിലേക്ക് താഴ്ന്നുപോകുന്നത് ഭീതിയോടെ നോക്കിനില്ക്കാന് മാത്രമേ ദാസിനു കഴിഞ്ഞുള്ളു.
മരണം ഏതുനിമിഷവും എത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദാസിനു മുന്നിലേക്ക് 10ാം തീയതി ബംഗ്ലാദേശി കപ്പല്‍ എം.വി ജാവദ് എത്തിയത്. ഈ സമയം ഒരു മുളങ്കമ്പില്‍ പിടിച്ചുകിടക്കുകയായിരുന്നു ദാസ്. ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ കിട്ടിയ വെള്ളം കുടിച്ച് ജീവന് നിലനിര്‍ത്തി. കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ച ദാസ് ശനിയാഴ്ചയോടെ കരപറ്റി.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ നാരായണ്‍പുര്‍ സ്വദേശിയാണ് രബീന്ദ്രനാഥ ദാസ്. തനിക്കൊപ്പമുണ്ടായിരുന്ന അനന്തരവന്റെ മരണമാണ് ഈ സമയത്തും ദാസിനെ ഏറെ വേദനിപ്പിക്കുന്നത്. തന്നെ രക്ഷപ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മൂന്‍പാണ് അനന്തരവന് മരണത്തിന് കീഴടങ്ങിയതെന്നും ദാസ് പറഞ്ഞു. 'അവന് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു.. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ അവന് അവശനായി. അവനെ ഞാന്‍ എന്റെ തോളുകളില്‍ താങ്ങിനിര്‍ത്തി. എന്നാല്‍ കപ്പല്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് അവന് മരണത്തിലേക്ക് മുങ്ങിത്താഴ്ന്നു'-ദാസ് പറയുന്നു.






