കാന്‍ബെറ: അമ്പത് വര്‍ഷം മുന്‍പ് എഴുതി കടലില്‍ ഒഴുക്കിയ ഒരു സന്ദേശം പോള്‍ ഏലിയട്ടിന് കിട്ടി. അതിന്റെ ഉടമസ്ഥനെ തിരക്കുകയാണ് ഇപ്പോള്‍ ഇയാള്‍. ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളിയാണ് പോള്‍ ഏലിയട്ട്.
കടലില്‍നിന്ന് കുപ്പിയിലടച്ച നിലയില്‍ പണ്ടെന്നോ എഴുതപ്പെട്ട സന്ദേശമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഏലിയട്ടും മകനും കടലില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് കടലില്‍ ഒഴുകിവന്ന സന്ദേശം ലഭിക്കുന്നത്. ദക്ഷിണ ഓസ്ട്രേലിയയിലെ എയ്റേ ഉപദ്വീപിന് സമീപത്തുനിന്നാണ് ഇവര്‍ക്ക് ഈ സന്ദേശം ലഭിക്കുന്നത്.
അമ്പത് വര്‍ഷം മുന്‍പ് ഈ കത്തെഴുതിയ പോള്‍ ഗിബ്സണ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന കൗതുകത്തിലാണ് പോള്‍ ഏലിയട്ട്. 13 വയസ്സുകാരനായ പോള്‍ ഗിബ്സണ് എന്ന എന്ന ഇംഗ്ലീഷുകാരന് കുട്ടിയാണ് ഇത് എഴുതിയതെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. ഓസ്ട്രേലിയയിലെ ഫ്രെമന്റൈയില്നിന്ന് മെല്ബോണിലേയ്ക്കുള്ള യാത്രയിലാണ് ഗിബ്സണ് ഈ സന്ദേശം എഴുതുന്നത്. ഫ്രെമെന്റൈലില്നിന്ന് ആയിരം മൈല്‍ (1,600 കി.മീ.) കിഴക്കു മാറിയുള്ള കടലിലാണ് കുപ്പി നിക്ഷേപിച്ചതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം, കുപ്പിയിലടച്ച ഇത്തരമൊരു സന്ദേശം അമ്പത് വര്‍ഷത്തോളം കടലില്‍ ഒഴുകി നടക്കുക എന്നത് അസംഭാവ്യമാണെന്നാണ് സമുദ്ര ശാസ്ത്രജ്ഞര്‍ പറയുന്നത്. കാരണം, സമുദ്രം ഒരിക്കലും ശാന്തമാകുന്നയെന്നല്ല. സാധാരണ നിലയില്‍ കടലില്‍ ഏതു ഭാഗത്ത് നിക്ഷേപിക്കപ്പെട്ടാലും പൊങ്ങിക്കിടക്കുന്ന കുപ്പി പോലുള്ള വസ്തു ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ എവിടെയെങ്കിലും അടിഞ്ഞിട്ടുണ്ടാകും.
ഏലിയട്ടിന് കടലില്‍ നിന്ന് ലഭിച്ച കുപ്പി ഏതെങ്കിലും തീരത്ത് മണലില്‍ പുതഞ്ഞ് പതിറ്റാണ്ടുകളോളം കിടന്നിട്ടുണ്ടാവാമെന്നാണ് സമുദ്ര ശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രിഫിന് പറയുന്നത്. പിന്നീട് കടുത്ത തിരമാലകള്‍ മൂലം മണലില്‍ നിന്ന് പൊങ്ങിവരികയും വീണ്ടും കടലില്‍ എത്തപ്പെടുകയും ചെയ്തിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
പോള്‍ ഗിബ്സണ് ബ്രിട്ടണില്‍നിന്ന് ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറിയ കുടുംബത്തില്പ്പെട്ടതാകാമെന്നാണ് നിഗമനം. 1960 കളില്‍ ബ്രിട്ടണില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് ജനങ്ങള്‍ വലിയ തോതില്‍ കുടിയേറിയിരുന്നു. ഇത്തരത്തില്‍ വരുന്നവര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വലിയ സാമ്പത്തിക സഹായങ്ങളും നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ജീവിത സൗകര്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ വലിയൊരു പങ്കും തിരിച്ച് ബ്രിട്ടണിലേയ്ക്കുതന്നെ മടങ്ങുകയായിരുന്നു.






