
രണ്ടു ദിവസമായി ഫേസ് ആപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ ഫേസ് ആപ്പ് ഉപയോഗിച്ച് മാറ്റം വരുത്തിയ മുഖങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഈ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡിങ് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഉയര്‍ത്തുന്ന ഭീഷണി ഒന്നു തന്നെയാണ്. വ്യക്തികളുടെ സ്വകാര്യത നഷ്ടമാകുന്നതാണ് പ്രശ്നം. ഇന്ത്യന്‍ ജനതയ്ക്ക് സ്വകാര്യത സംബന്ധിച്ചുള്ള ആശങ്ക വളരെ കുറവാണെന്നതിന് ഉദാഹരണമാണ് ഫേസ് ആപ്പിന് ലഭിക്കുന്ന പ്രചാരമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.
മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇത്തരം ആപ്ലിക്കേഷനുകള്‍ നടത്തുന് വിവര ശേഖരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മാര്‍ക്ക് ലോയേഴ്സ് എന്ന നിയമ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ ബ്രാഢ്ലി പറയുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം പേരു വിവരങ്ങളും ഫോട്ടോകളുമെല്ലാം ആപ്ലിക്കേഷന്‍ കൈമാറിയിട്ടാണ് ആളുകള്‍ ഫേസ് ആപ്പ് ഉപയോഗിക്കുന്നത്.
വെബ് റിക്വസ്റ്റ്, ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്, ബ്രൗസര്‍ ടൈപ്പ്, റഫറിങ്/എക്സിറ്റ് പേജുകളും യുആര്‍എലുകളും തുടങ്ങിയ നിരവധി ഡാറ്റ ഫോണില്‍ നിന്ന് തങ്ങള്‍ എടുക്കുന്നുണ്ടെന്ന് ഫേസ്ആപ്പിന്റെ പ്രൈവസി പോളിസിയില്‍ തന്നെ പറയുന്നുണ്ട്. തങ്ങള്‍ നിയമപരമായി പങ്കാളികളാക്കിയിട്ടുള്ള ബിസിനസ്സുകള്‍ക്ക് ഈ ഡാറ്റായുടെ ഉടമസ്ഥതയുണ്ടായിരിക്കുമെന്നും പ്രൈവസി പോളിസിയില്‍ പറയുന്നുണ്ട്.
ഈ കമ്പനിയെ മറ്റൊരു സ്ഥാപനം വാങ്ങുകയോ, ലയിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഈ പറഞ്ഞ പ്രൈവസി പോളിസിയിലെ കാര്യങ്ങളോട് പുതിയ കമ്പനിക്ക് പ്രതിബദ്ധത ഉണ്ടാകണമെന്നില്ല എന്നും പ്രസ്താവിക്കുന്നുണ്ട് കമ്പനി.






