
ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്രയുടെ വിവാഹ വാര്‍ത്തയാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാബ് ഷായാണ് പൂജയെ വിവാഹം കഴിച്ചത്. നവാബുമായി ഏറെ നാളായി പൂജ പ്രണയത്തിലായിരുന്നു. തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പൂജയോടുള്ള തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് നവാബ്.
'' സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് വന്നത്. അവള്‍ക്കൊപ്പമാണ് ഇനിയുള്ള ജീവിതം എന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം തന്നെ അവളെ വിവാഹം കഴിയ്ക്കണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. വളരെ മനോഹരമായാണ് ഞങ്ങളെ ബന്ധിപ്പിച്ചത്. എല്ലാം ഞങ്ങള്‍ക്കായി ഒരുമിക്കുകയായിരുന്നു. ഇനിയും സമയം വെറുതേ പാഴാക്കേണ്ടതില്ലെന്ന് കരുതിയാണ് പെട്ടെന്ന് വിവാഹിതരായത്. ഞങ്ങള്‍ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തയാറായിരുന്നു എന്നു മാത്രം. വെറുതെ സമയം കളയുന്നതില്‍ കാര്യമുണ്ടായിരുന്നില്ല. അതിനാലാണ് പെട്ടെന്ന് വിവാഹം നടന്നത് '' നവാബ് പറയുന്നു.
പൂജ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരി 9ന് ഡോക്ടര്‍ ആയ സോനു അലുവാലിയയെ വിവാഹം ചെയ്തെങ്കിലും പിന്നീട് വിവാഹ മോചനം നേടി. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ചന്ദ്രലേഖയിലും മമ്മൂട്ടിക്കൊപ്പം മേഘത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന് എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.






