
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് അസാധാരണമായ സംഭവവികാസങ്ങള്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ വൈദികരെയും അത്മായരേയും കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചും ആരോപണ വിധേയനായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണചുമതലയില്‍ നിന്നും നീക്കണമെന്നതും ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ദിനാളിനെ ഇന്നു രാവിലെ അരമനയില്‍ എത്തി സന്ദര്‍ശിച്ച 200 ഓളം വരുന്ന വൈദികര്‍ ഈ ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ വന്നതോടെ അതിരൂപത ആസ്ഥാനത്തുതന്നെ അനിശ്ചിതകാല ഉപവാസവും പ്രവര്‍ത്ഥനയും നടത്തുമെന്ന് വൈദിക സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.
തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കര്‍ദിനാള്‍ തയ്യാറായിട്ടില്ലെന്നും മുന്നോട്ടുവച്ച നിലപാടുകളില്‍ നിന്ന് കര്‍ദിനാള്‍ പിന്നോക്കം പോകുന്നതുമാണ് ഉപവാസ സമരത്തിലേക്ക് മാറാന്‍ കാരണമെന്ന് വൈദികര്‍ പറഞ്ഞു. ഉപവാസവും പ്രാര്‍ത്ഥനയും അതിരൂപത അങ്കണത്തില്‍ ഉള്ളിലായിരിക്കും. ഒരു വൈദികന്റെ നേതൃത്വത്തിലായിരിക്കും ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് പിന്തുണയുമായി കുറച്ച് വൈദികരും ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ അനിശ്ചിതകാല ഉപവാസ സമരം തുടരുമെന്നും ഫാ.ജോസ് വൈലിക്കോടത്ത് അറിയിച്ചു.






