
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്.എഫ്.ഐ എന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. മുന്‍ ഭാരവാഹികള്‍ എസ്.എഫ്.ഐക്കാര്‍ അല്ലാത്തതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയാണ് യൂണിവേഴ്സിറ്റി കോളേജില്‍ സ്വീകരിച്ചതെന്നും സാനു പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റേയും വധശ്രമത്തിന്റേയും സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.
കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി അഖിലിനേയും 25 അംഗ കമ്മിറ്റിയില്‍ എസ്.എഫ്.ഐ ഉള്‍പ്പെടുത്തി. കേരളാ യൂണിവേഴ്സിറ്റി ചെയര്മാന് എ.ആര് റിയാസാണ് അഡ്ഹോക് കമ്മിറ്റിയുടെ ചെയര്മാന്. എല്ലാ വകുപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്.






