
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരം ഒത്തുതീരുന്നു. വൈദികര്‍ മുന്നോട്ടുവച്ച അഞ്ചിന ആവശ്യങ്ങളില്‍ സിനഡ് ഏറെക്കുറെ ഉറപ്പ് നല്‍കിയതായാണ് സൂചന. വ്യാജരേഖ കേസില്‍ വൈദികരെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് സിനഡുമായി നടത്തിയ ഉറപ്പ്കിട്ടി. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്ന് ധാരണയായി. സഹായ മെത്രാന്മാരെ ചുമതലകളില്‍ തിരികെ കൊണ്ടുവരുന്നതില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ സിനഡില്‍ വൈദികര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും വൈദികര്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അത്മായ-യുവജന സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം വൈകിട്ട് മൂന്നു മണിയോടെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഇതിനു ശേഷം സമരം അവസാനിപ്പിച്ചേക്കും.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റി അതിരുപതയ്ക്ക് സ്വതന്ത്രമായ ആര്‍ച്ച്ബിഷപിനെ നല്‍കുക, സ്ഥിരം സിനഡിന്റെയും ഓഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡിന്റെയും അധ്യക്ഷത വഹിക്കുന്നതില്‍ നിന്ന് കര്‍ദിനാള്‍ മാറിനില്‍ക്കുക, ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദികരെയും അത്മായരേയും വ്യാജരേഖ കേസില്‍ പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപതയില്‍ നിന്ന് പുറത്താക്കിയ സഹായ മെത്രാന്മാരെ തിരികെ എത്തിക്കുക, വൈദികരുമായി സ്ഥിരം സിനഡ് അടിയന്തരമായി ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
വൈദികരുമായി സ്ഥിരം സിനഡ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. വൈദികരുടെ ആവശ്യപ്രകാരം കര്‍ദിനാളിനു പകരം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ആണ് അധ്യക്ഷത വഹിച്ചത്. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുന്നുള്ളതിനാല് വൈദികരുടെ സമരം തുടരുകയാണ്. ബിഷപ്പുമാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ അത്മായരുടെയും യുവജന സംഘടനകളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടക്കുന്നു. ഫാ.ജോസഫ് പാറേക്കാട്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വൈദികരാണ് അരമനയുടെ കവാടത്തില്‍ നിരാഹാര സമരമിരിക്കുന്നത്.






