
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അനിശ്ചിതകാല ഉപവാസ പ്രാര്‍ത്ഥനാ സമരം നടത്തിവന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ സ്ഥിരം സിനഡിന്റെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ നിലപാട് എടുത്ത വൈദികര്‍ക്കെതിരെ വൈരാഗ്യ നടപടികള്‍ പാടില്ലെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭൂമി ഇടപാടിലെ കുറിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവച്ച മറ്റൊരു പ്രധാന ആവശ്യം.
എന്നാല്‍ ഓഗസ്റ്റില്‍ നടക്കുന്ന സമ്പൂര്‍ണ സിനഡില്‍ അധ്യക്ഷത വഹിക്കുന്നതില്‍ നിന്ന് കര്‍ദിനാളിനെ ഒഴിവാക്കണമെന്നും പകരം മാര്‍പാപ്പയുടെ പ്രതിനിധി അധ്യക്ഷനാകണമെന്നുമുള്ള വൈദികരുടെ ആവശ്യം അംഗീകരിച്ചില്ല. കാനോനിക ചട്ടങ്ങളനുസരിച്ച് അതിന് കഴിയില്ലെന്ന് സിനഡ് വ്യക്തമാക്കി. സ്ഥിരം സിനഡിന് അധ്യക്ഷത വഹിച്ച ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടനുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ സിനഡ് അംഗീകരിച്ചതോടെ വൈദികര്‍ സമരം അവസാനിപ്പിച്ചു. മൂന്നുദിവസമായി ഉപവാസം അനുഷ്ഠിച്ചുവരുന്ന ഫാ.ജോസഫ് പാറേക്കാട്ടിലിനെ ആശുപത്രിയിലേക്ക് മാറ്റി.






