
കൊല്ലം: എസ്.എഫ്.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കലാലയങ്ങളില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണെന്നും ക്യാമ്പസുകളിലും എ.ഐ.എസ്.എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്.എഫ്.ഐ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐയുടേത്. കുണ്ടറ ഐ.എച്ച്.ആര്.ഡി കോളേജില്‍ എ.ഐ.എസ്.എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ക്ക് കോളേജുകളില്‍ ഭരണം ലഭിച്ചാലും എ.ഐ.എസ്.എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാചെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കൊല്ലം പാരിപ്പള്ളിയിലാണ് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം നടന്നത്. അതേസമയം എ.ഐ.എസ്.എഫ് ജില്ലാ ഘടകം കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേയും എ.ഐ.എസ്.എഫ് രംഗത്തെത്തി. കെ.ടി ജലില്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന് പറഞ്ഞു. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം എസ്.എന്‍ കോളേജ് ഉള്‍പ്പെടെയുള്ള കാലാലയങ്ങളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുള്ളതുപോലെ ഇടിമുറികള്‍ പ്രവര്‍ത്തിക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലടക്കം എസ്.എഫ്.ഐ നിലപാടുകള്‍ക്കെതിരെ എ.ഐ.എസ്.എഫ് അതിശക്തമായി രംഗത്തെത്തിയിരുന്നു.






