കൊളംബോ : ശ്രീലങ്കയുടെ യോര്‍ക്കര്‍ എക്സ്പ്രസ് ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷമായിരിക്കും വിരമിക്കുന്നത്. ജൂലൈ 26 നാണ് ശ്രീലങ്കയും, ബംഗ്ലാദേശുമായുള്ള ആദ്യ മത്സരം. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്ന നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
ബംഗ്ലാദേശുമായുള്ള ആദ്യ മത്സരം കളിക്കും. അതിന് ശേഷം വിരമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സെലക്ടര്‍മാരോട് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും ലങ്കന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. ലങ്കക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടവുമായിട്ടാണ് മലിംഗ കളം വിടുന്നത്.
335 വിക്കറ്റുകളാണ് ലങ്കക്കായി മലിംഗ നേടിയത്. 225 ഏകദിനങ്ങളില്‍ നിന്നുമാണ് ഈ വിക്കറ്റ് നേട്ടം. മുത്തയ്യ മുരളീധരന്(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്ന് 2011ല്‍ വിരമിച്ച താരം മറ്റ് ഫോര്‍മാറ്റുകളില്‍ തുടരുകയായിരുന്നു.






