
മുംബൈ: ഫേസ്ബുക്കിലൂടെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് സന്ദേശം അയച്ച ആള്‍ക്കെതിരെ നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. താരം പോലീസില്‍ പരാതിപ്പെട്ടു. തനിക്ക് ലഭിച്ച മോശം സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിനെയും ട്വീറ്റില്‍ ടാഗ് ചെയ്യുകയും നടി ചെയ്തിരുന്നു. സംഭവം അന്വേഷിക്കാമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മുംബൈ പൊലീസ് മറുപടി നല്‍കിയിട്ടുണ്ട്.
സുചിത്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെയാണ് ഒരാള്‍ മോശം സന്ദേശം അയച്ചത്. സ്ക്രീന്‍ഷോട്ടിനൊപ്പം സുചിത്ര ഇങ്ങനെ കുറിച്ചു, 'നാഷ്ണല്‍ പ്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. ഫെയ്സ്ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്.' നടി കുറിച്ചു.
1987ലെ ഒരു ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സുചിത്ര അഭിനയ ജീവിതം ആരംഭിച്ചത്. 1990കളില്‍ ധാരാളം പരസ്യ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രമായ കിലുക്കാംപെട്ടിയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1994 ല്‍ ഷാരൂഖ് ഖാന് നായകനായി അഭിനയിച്ച കഭി ഹാ കഭി ന എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം വിജയിച്ചതോടെ സുചിത്ര സിനിമയില്‍ സജീവമായി. പിന്നീട് സംവിധായകന് ശേഖര്‍ കപൂറുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നു. മൈ വൈഫ്സ് മര്‍ഡര്‍ എന്ന ചിത്രത്തിലൂടെ 2005 ല്‍ സിനിമയില്‍ മടങ്ങിയെത്തി.
2007 ല്‍ സുചിത്രയും ശേഖര്‍ കപൂറും വേര്‍പിരിഞ്ഞു. ഹിന്ദുസ്ഥാന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഒരു ഗായികയാണ് സുചിത്ര.






