
തിരുവനന്തപുരം : സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നും കടത്തിയിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തി ശിവരഞ്ജിത്ത്. കോളജില്‍ എത്തിച്ച ഉത്തരക്കടലാസുകള്‍ ഇറക്കിവെച്ചപ്പോഴാണ് കടലാസുകള്‍ എടുത്തത്. തെളിവെടുപ്പിനായി കോളജില്‍ എത്തിച്ചപ്പോഴാണ് ശിവരഞ്ജിത്ത് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
എവിടെ നിന്ന് എങ്ങനെയാണ് ഉത്തരക്കടലാസുകള്‍ എടുത്തതെന്നും ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ഉത്തരക്കടലാസുകള്‍ ലഭിക്കാന്‍ തിങ്കളാഴ്ച യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കുമെന്നും പോലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും 16 കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തിരുന്നു. ഇത് സര്‍വകലാശാലയില്‍ നിന്നും കോളജിന് നല്‍കിയതാണെന്ന് പരീക്ഷാ കണ്ട്രോളര് സ്ഥിരീകരിച്ചു. ഇതോടെയാണ് വന്‍ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.






