
കൊളംബോ : ഏകദിന ക്രിക്കറ്റില്‍ നിന്നും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ ലസിത് മലിംഗ വിരമിച്ചു. ജയത്തോടെയായാണ് മലിംഗ കളം വിട്ടത്. ബംഗ്ലാദേശിനെതിരെ 91 റണ്‍സിനാണ് ലങ്ക ജയിച്ചത്.
മത്സരത്തിന്റെ ആദ്യ വിക്കറ്റും അവസാന വിക്കറ്റും മലിംഗ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മലിംഗ മത്സരത്തില്‍ സ്വന്തമാക്കി. എന്നാല്‍ ട്വന്റി 20 മത്സരത്തില്‍ ലങ്കക്ക് വേണ്ടി കളിക്കുമെന്നും മലിംഗ പറഞ്ഞു. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 314 റണ്‍സ് എടുത്തു. ബംഗ്ലാദേശ് 41.4 ഓവറില്‍ 223 ന് എല്ലാവരും പുറത്തായി.
38 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മലിംഗ ഏകദിനം മതിയാക്കിയത്. ശ്രീലങ്കയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളര്‍ എന്ന തലയെടുപ്പോടെയാണ് മലിംഗ മടങ്ങുന്നത്. 226 മത്സരങ്ങളില്‍ നിന്ന് 338 വിക്കറ്റാണ് മലിംഗയുടെ സമ്പാദ്യം.
കുശാല്‍ പെരേരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (111) പിന്‍ബലത്തിലാണ് കൂറ്റന്‍ സ്കോറിലെത്തിയത്. 99 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. എയ്ഞ്ചലോ മാത്യൂസ് (48), കുശാല്‍ മെന്‍ഡിസ് (43), നായകന് ദിമുത് കരുണരത്നെ (36) എന്നിവരും തിളങ്ങി.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിംഗ് നിര തകര്‍ന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിഖുര്‍ റഹീമിനും (67), സാബിര്‍ റഹ്മാനും (60) മാത്രമേ തിളങ്ങാനായുള്ളൂ.
ഉചിതമായ സമയത്താണ് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നതെന്ന് മത്സരശേഷം മലിംഗ പറഞ്ഞു. 2004 ജൂലൈയില്‍ യുഎഇക്കെതിരെ ആയിരുന്നു മലിംഗയുടെ ഏകദിന അരങ്ങേറ്റം. 2010ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു. 101 വിക്കറ്റ് വീഴ്ത്തി. മുപ്പത്തിയഞ്ചുകാരനായ മലിംഗ ട്വന്റി 20യില്‍ തുടര്‍ന്നും കളിക്കും.






