
തിരുവനന്തപുരം: കലാകാരന്മാരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ ഭീഷണി കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി നേതാവിന്റെ ഭീഷണിക്കെതിരെ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചലചിത്ര രംഗത്തും വര്‍ഗീയ ഭീഷണിയുണ്ടെന്നും കലാകാരന്മാര്ക്ക് സ്വസ്ഥമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാല്‍ക്കെ അവാര്‍ഡ് നേടിയ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കള്‍ തങ്ങളുടെ സംസ്കാര രാഹിത്യമാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആള്‍കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ഭീഷണി നേരിട്ട അടൂരിനെ മുഖ്യമന്ത്രി നേരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. കേരളത്തിന്റെ പിന്തുണ മുഖ്യമന്ത്രി അടൂരിനു വാഗ്ദാനം ചെയ്യുകയും ഛിദ്രശക്തികളുടെ അജണ്ട കേരളത്തില്‍ ചെലവാകില്ലെന്ന് പിണറായി വിജയന് അടൂരിനെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
സാമുദായിക വേര്‍തിരിവ് രൂക്ഷമാകുന്ന ഇക്കാലത്ത് വിശാലമായ മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ കുറേകാലമായി ചലചിത്രകരംഗത്ത് വര്‍ഗിയതയുടെ വിദ്വേഷം പടത്താനുള്ള ശ്രമങ്ങള്‍ ദേശീയ തലത്തില്‍ നടന്നു വരുന്നുണ്ട്. ഗുരുവായി കാണുന്ന ദിലീപ് കുമാറിനു പോലും വര്‍ഗ്ഗീയ ഫാസിസത്തിന്രെ ഭീഷണി നേരിടേണ്ടി വരുന്നു. ഇങ്ങനെ കലാകാരന്മാരെ നിശബ്ദരാക്കാനുള്ള അര്‍ധ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള പൊതുവായ നീക്കങ്ങളുടെ ഭാഗമായി വേണം അടൂരിനു നേരെയുണ്ടായ ഭീഷണിയെ കാണാന്‍. ഈ ഭീഷണി കേരളത്തിന്റ മണ്ണില്‍ വിലപ്പോവില്ലെന്ന് അറിയിക്കട്ടെ.
കേരളം ഇന്ത്യയ്ക്കും ഇന്ത്യ ലോകത്തിനും നല്കിയ ചലചിത്ര സംഭാവനയാണ് അടൂരിന്റെ വ്യക്തിത്വം. ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഈ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കള്‍ തങ്ങളുടെ സംസ്കാര രാഹിത്യമാണ് വെളിവാക്കിയത്. ഇവരുടെ ഭീകരതയക്ക് ഭീരുത്വത്തിനും കേരളം കീഴടങ്ങില്ല. കലാകാരന്റെ സ്വാതന്ത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ചലചിത്ര രംഗത്തുള്ളവര്‍ എല്ലാ വിഭാഗീയതയ്ക്കും വേര്‍തിരിവിനും അതീതമായി നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കട്ടെ. ഒരുമിച്ച് നില്ക്കുന്ന ചലചിത്രലോകത്തിനൊപ്പം സര്‍ക്കാര്‍ എല്ലാ അര്‍ഥത്തിലും ഉണ്ടാകും.






