
ചെന്നൈ: ആണും പെണ്ണുമല്ലാത്തൊരു ജെന്‍ഡറിനെ അംഗീകരിക്കാന്‍ സമൂഹത്തിന് ഇന്നും മടിയാണ്. നമ്മുടെ ഉറ്റവരോ ബന്ധുക്കളോ അയല്വക്കത്തുള്ളവരോ.. ആരും ആയിക്കൊള്ളട്ടെ, ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് വെളിപ്പെട്ടു കഴിഞ്ഞാല്‍ കുറ്റപ്പെടുത്തലുകളുടെയും ഒറ്റപ്പെടലിന്റെയും ലോകത്തേയ്ക്കാകും ആ മനുഷ്യ ജീവന്റെ യാത്ര. സ്വന്തം മക്കളാണെങ്കില്‍ പോലും ട്രാന്‍സ്ജെന്‍ഡര്‍ ആയ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ അംഗീകരിക്കില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ്, സമൂഹത്തിന്റെ മനസാക്ഷിയില്ലാത്ത ഒരു വശത്തിന്റെ നേര്‍ച്ചിത്രം. ഇത്തരമൊരു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അനാഥമാകുന്ന, വലിച്ചെറിയപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുരുന്നുകള്‍ക്കായി ഒരു ഹോസ്റ്റല്‍ തുറന്നിരിക്കുന്നത്.
മാതാപിതാക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ തെരുവുകളിലെത്തി ഭിക്ഷ യാചിച്ചും, ലൈംഗീകതൊഴിലില് ഏര്പ്പെട്ടുമാകും ഭൂരിപക്ഷവും ജീവിതം മുന്നോട്ട് നീക്കുന്നത്. ഇത്തരത്തില്‍ എത്തിപ്പെടുന്ന കുട്ടികള്‍ക്കായാണ് ഒരു അഭയകേന്ദ്രം ഒരുക്കണമെന്നും, വിദ്യാഭ്യാസം നല്‍കണമെന്നും തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ഒരു സ്കൂള്‍ ചിന്തിച്ചിടത്തു നിന്നാണ് ഹോസ്റ്റല്‍ എന്ന ആശയത്തിന്റെ പിറവി. സ്വാമി ശിവാനന്ദ വിദ്യാ സമിതിയുടെ സിഇഒ റിട്ട.മേജര്‍ ജനറല്‍ എന്‍ആര്‍കെ ബാബു ആണ് ഇത്തരമൊരു ആശയം മുന്നോട്ടു കൊണ്ടുവന്നത്.
15 വയസുള്ളപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പ്രിയയെ കണ്ടുമുട്ടിയതോടെയാണ് എന്‍ആര്‍കെ ബാബു ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്കായി ഹോസ്റ്റല്‍ ഒരുക്കണമെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ബാബു തന്നെ പ്രിയയുടെ വിദ്യാഭ്യാസം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങിലൂടെ വിദ്യാഭ്യാസം നേടിക്കൊടുക്കുകയും താമസസൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. പിന്നാലെയാണ് ഇത്തരത്തിലുള്ള മറ്റ് കുട്ടികള്‍ക്കു കൂടി വിദ്യാഭ്യാസവും താമസസൗകര്യവും ഒരുക്കണമെന്നതില്‍ എത്തുന്നത്. 18 വയസ് തികയുന്നത് വരെ കുട്ടികള്‍ക്ക് എല്ലാ സൗകര്യവും ഈ ഹോസ്റ്റലില്‍ ഒരുക്കും. 30 ലക്ഷം രൂപ മുടക്കിയാണ് 40 ഓളം കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സേവനം ഒരുങ്ങുന്നത്. 18 വയസ് തികയും വരെ കുട്ടികളുടെ മാനസികവും, നിയമപരവും, മെഡിക്കല്‍ എന്നീ ആവശ്യങ്ങള്‍ എല്ലാം സ്കൂള്‍ അധികൃതര്‍ നല്‍കും. കൗണ്സിലിങ്ങ്് ഉള്‍പ്പെടെയുള്ള സേവനങ്ങളും കുട്ടികള്‍ക്കായി ഒരുക്കും. ലോകത്തെ നേരിടാന്‍ എല്ലാവിധത്തിലും ഇവരെ ഒരുക്കിയെടുക്കും. അവരെ കോളേജിലേക്ക് അയയ്ക്കാനും എല്ലാ സഹായവും ചെയ്യുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കായുള്ള സ്പോണ്‍സര്‍മാരെ തിരയകുയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.






