
'രമ്യ ഹരിദാസ് എം.പി പൊതുജനത്തെ കൊണ്ട് കാല് പിടിപ്പിക്കുന്നു' സമൂഹമാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ ഈ തലക്കെട്ടോടെ ഒരു വിഡിയോ പ്രചരിച്ചിരുന്നു. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് രമ്യ തന്നെക്കാളും പ്രായമുള്ള സ്ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നതെന്നാണ് പോസ്റ്റുകളുടെ തലക്കെട്ടുകള്‍ എന്നാല്‍ വിഡിയോക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.
രമ്യ ഹരിദാസിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ വന്ന ലൈവ് വിഡിയോയിലെ ദൃശ്യങ്ങളാണിത്. തിരഞ്ഞെടുപ്പിലെ വിജയത്തിന് നന്ദി പറയാന്‍ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണിത്. വിജയിച്ചെത്തിയ എംപിയെ തമിഴ് ജനങ്ങള്‍ ഏറെയുള്ള ഗ്രാമത്തില്‍ അവരുടെ ആചാരപ്രകാരമാണ് സ്വീകരിച്ചത്. 'തങ്കച്ചീ' എന്ന് സ്നേഹത്തോടെ വിളിച്ച നിങ്ങളുടെ മുന്നില്‍ വിജയിച്ച് വരാന്‍ കഴിഞ്ഞതില്‍ രമ്യ പ്രസംഗത്തില്‍ നന്ദി പറയുന്നുണ്ട്. 'അക്കാ' പായസം ഉണ്ടാക്കി വച്ചിട്ടുണ്ടല്ലേ എന്നും പ്രസംഗത്തിനിടെ ഒരു സ്ത്രീയോട് രമ്യ ചോദിക്കുന്നുണ്ട്.
താലത്തിലുള്ള ചന്ദനം തൊട്ട്. അതിലെ വെള്ളം കാല്ച്ചുവട്ടിലൊഴിച്ചാണ് സ്ത്രീകള്‍ ആചാരപ്രകാരം രമ്യാ ഹരിദാസിനെ സ്വീകരിച്ചത്. വെള്ളം കാല്ച്ചുവട്ടിലൊഴിക്കുന്ന വിഡിയോ പങ്കുവച്ച ശേഷം എംപി സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിച്ചു എന്ന് ചില പേജുകള്‍ വിഡിയോ പങ്കുവച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ ശേഷം വന്‍ സൈബര്‍ ആക്രമണമാണ് രമ്യാ ഹരിദാസിനെതിരെ നടക്കുന്നത്.






