
തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന നാട്ടിക എം.എല്‍.എ ഗീത ഗോപിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസെടുത്തതെന്ന് ചേര്‍പ്പ് പോലീസ് അറിയിച്ചു.
ചേര്‍പ്പ്-തൃപ്രയാര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നില്‍ എം.എല്‍.എ കഴിഞ്ഞ ദിവസം കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെ എം.എല്എയുടേത് സമരനാടകമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഈ സ്ഥലത്ത് ചാണകവെള്ളം തളിച്ച് കഴുകി. ഇതെ തുടര്‍ന്നാണ് ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി എം.എല്‍.എ പോലീസിനെ സമീപിച്ചത്.
ചാണകവെള്ളം തളിച്ച് കഴികിയതിലൂടെ പട്ടിജായി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നെന്നാണ് എം.എല്‍.എ പരാതിയില്‍ പറയുന്നത്. നിയമസഭാംഗത്തോട് ഇങ്ങനെയാണെങ്കില്‍ സാധാരണ സ്ത്രീകളോടുള്ള പെരുമാറ്റം എങ്ങനെ ആയിരിക്കുമെന്നും പരാതിയില്‍ ചോദിക്കുന്നു. മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും പരാതി നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ ഒരു ബൈക്ക് യാത്രികന് അപകടത്തില്‍പ്പെട്ടിരുന്നു. അതുവഴി കാറില്‍ പോവുകയായിരുന്ന എം.എല്‍.എ സംഭവ സ്ഥലത്തിറങ്ങി. ഇതിനിടെ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എംഎല്.എയെ വഴിയില്‍ തടഞ്ഞു. തുടര്‍ന്നാണ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ എം.എല്‍.എ കുത്തിയിരുപ്പ് സമരം നടത്തിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് എം.എല്‍.എ സമരം അവസാനിപ്പിച്ചത്.ഇതിനു പിന്നാലെയാണ് എം.എല്‍.എയുടേത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്.






